ന്യൂഡൽഹി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്പൈസ്ജെറ്റ്(Spice Jet)എയർലൈൻസ്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 9,000 ജീവനക്കാരാണ് നിലവിൽ സ്പൈസ്ജെറ്റ്(Spice Jet) എയർലൈൻസിനുള്ളത്. ഇതിൽ 1400 പേരുടെ ജോലി പോകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പല ജീവനക്കാർക്കും ജനുവരി മാസത്തെ ശമ്പളം പോലും നൽകിയിട്ടില്ലെന്നും ശമ്പളത്തിനായി മാത്രം പ്രതിമാസം 60 കോടിയോളം വേണമെന്നും എയർലൈൻസ് പറയുന്നു. ശമ്പളം കൊടുക്കാൻ കമ്പനി അധികൃതർ നട്ടം തിരിയുന്ന അവസ്ഥയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന് അധികൃതർ പറയുന്നു.