പാർലമെൻ്റിൽ വലിയ സുരക്ഷ വീഴ്ച. ഇന്ന് ശൂന്യവേള നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗാലറിയിൽനിന്ന് താഴേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മേലേകൂടി ഓടിയ ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
ആദ്യം പകച്ചുനിന്ന എംപിമാർ പിന്നീട് ഇവരെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇവർ ഇട്ടിരുന്ന ഷൂവിന് ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിച്ചു. ഇതോടെ അന്തരീക്ഷം മഞ്ഞനിറത്തിലുള്ള സ്പ്രേകൊണ്ട് നിറഞ്ഞു. എംപിമാരുടെ നേർക്കും ഇവർ സ്പ്രേ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്.
അക്രമം നടത്തിയവരിൽ ഒരാളെ എംപിമാർ തന്നെ പിടികൂടി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടുപേരെയും കീഴ്പ്പെടുത്തി സഭയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്സഭയ്ക്ക് പുറത്തും രണ്ട് പേർ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. ഇവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് പാര്‍ലമെന്റില്‍ വീണ്ടും ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.