മഹുവക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടിസ്…

Written by Taniniram1

Published on:

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഉടന്‍ ഒദ്യോഗിക വസതി ഒഴിയേണ്ടി വന്നേക്കും. വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് നോട്ടിസ് അയച്ചു. 30 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയാനാണു നിര്‍ദേശം. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

അതേസമയം, ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കല്‍ നിര്‍ദേശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിലെത്തുന്നത്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമുള്ളത്. അംഗത്വം പൂര്‍ണമായി റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് മഹുവയുടെ വാദം.

ലോക്‌സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. പാര്‍ലമെന്ററി വെബ്‌സൈറ്റിന്റെ ലോഗിന്‍ വിവരങ്ങള്‍ മഹുവ ഹിരനന്ദാനിക്ക് നല്‍കിയെന്നും ആരോപണമുണ്ട്. എന്നാല്‍ താനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ദര്‍ശന്‍ ഹിരനന്ദാനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മഹുവ പറയുന്നു.

Related News

Related News

Leave a Comment