ന്യൂഡൽഹി: പ്രിവിലേജ് കമ്മിറ്റിക്കു മുന്പാകെ മാപ്പ് പറഞ്ഞതോടെ മൂന്നു കോൺഗ്രസ് എംപിമാരുടെ അനിശ്ചിതകാല സസ്പെൻഷൻ പിൻവലിച്ചു.
പാർലമെൻറ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം ഉയർത്തി ലോക്സഭയിൽ സ്പീക്കറുടെ ചേംബറിൽ കയറി പ്രതിഷേധിച്ചതിനാണ് കോൺഗ്രസ് എംപിമാരായ കെ.ജയകുമാർ, അബ്ദുൾ ഖലീൽ, വിജയകുമാർ വിജയവസന്ത് എന്നിവരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്.
പാർലമെൻറ് ശൈത്യകാല സമ്മേളനത്തിൽ സന്ദർശക ഗാലറയിലിരുന്ന രണ്ട് യുവാക്കൾ നടുത്തളത്തിൽ അതിക്രമിച്ച് കയറി മഞ്ഞപുക പടർത്തിയത് സുരക്ഷാവീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തിൻറെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടത്തിയിരുന്നു.
സംഭവത്തിൽ അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മൂന്ന് എംപിമാരും പ്രിവിലേജ് കമ്മിറ്റിക്ക് മുന്പിൽ ഹാജരായി മാപ്പ് പറഞ്ഞതോടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.