ചെന്നൈ:കര്‍ണാടക റോഡ് ട്രാന്‍പോര്‍ട്ട് കോർപറേഷനും കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കർണാടകആര്‍ടിസി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളവും കര്‍ണാടകയും യഥാക്രമം 1965 മുതലും 1973 മുതലും തങ്ങളുടെ പൊതുഗതാഗത സംവിധാനത്തിന് കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്താണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്ക് മാത്രമാണെന്ന കേരളത്തിന്റെ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതിന് 2013ല്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രി ഓഫ് ഇന്ത്യയില്‍ നിന്ന് കര്‍ണാടക ആര്‍ടിസിയ്ക്ക് ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു . ഒപ്പം കെഎസ്ആര്‍ടിസിയുടെ ലോഗോയും മുദ്രയും ഉപയോഗിക്കുന്നതിന് രജിസ്ട്രാര്‍ ഓഫ് കോപ്പിറൈറ്റ്‌സില്‍ നിന്ന് പകര്‍പ്പകാശവും നേടിയിരുന്നു.എന്നാല്‍ കര്‍ണാടകയുടെ ഈ ആവശ്യത്തിനെതിരെ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പിലേറ്റ് ബോര്‍ഡിനെ സമീപിച്ചു.
”കഴിഞ്ഞ 42 വര്‍ഷമായി കര്‍ണാടക ആര്‍ടിസി ഈ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ട്രേഡ് മാര്‍ക്ക് മുദ്രയുടെ രജിസ്‌ട്രേഷന്‍ അസാധുവായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ വാദം നിലനില്‍ക്കില്ല”- കർണാടക ആർടിസി പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം കെഎസ്ആര്‍ടിസി എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ആര്‍ടിസിയും 2019ല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.
കെഎസ്ആര്‍ടിസിയെ കേരളത്തിന് മാത്രമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പീലേറ്റ് ബോര്‍ഡില്‍ (ഐപിഎബി) ആണ് ഹര്‍ജി നല്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഐപിഎബി നിര്‍ത്തലാക്കിയതിന് ശേഷം കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കേരളം കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടിട്ടില്ലാത്തതിനാല്‍ തുടര്‍ന്നും ഇതേ പേര് ഉപയോഗിക്കാമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.