അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ 3 വർഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് കെ അണ്ണാമലൈ

Written by Taniniram1

Published on:

ചെന്നൈ: തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ മൂന്ന് വര്‍ഷത്തിനുള്ളിൽ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും രൂക്ഷ വിമര്‍ശനത്തോടെയാണ് കെ അണ്ണാമലൈയുടെ പരാമർശം. എന്‍ മണ്ണ് എന്‍ മക്കൾ എന്ന പ്രചാരണ പരിപാടിയിൽ വെള്ളിയാഴ്ചയാണ് ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്.

നിലവിലെ കടമെടുപ്പ് രീതി തുടരുകയാണെങ്കിൽ തമിഴ്നാട്ടിന്റെ കടം വലിയ രീതിയിൽ ഉയരുമെന്നും അണ്ണാമലൈ നിരീക്ഷിച്ചു. ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കൽ സമ്മാനം ആവശ്യപ്പെട്ട ഡിഎംകെ അധികാരത്തിലെത്തിയപ്പോൾ പൊങ്കൽ സമ്മാനമായി നൽകുന്നത് ആയിരം രൂപ മാത്രമാണെന്നും അണ്ണാമലൈ പരിഹസിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ ബിജെപി അധികാരത്തിലെത്തിയാൽ ടാസ്മാക് ഔട്ട്ലെറ്റുകൾ അടക്കുമെന്നും കള്ള് ഷാപ്പുകൾ തുറക്കുമെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്. ദീപാവലി സീസണിൽ ടാസ്മാകിലൂടെ ഡിഎംകെ 467 കോടി രൂപയാണ് ലാഭമുണ്ടാക്കിയതെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. ഡിഎംകെ സർക്കാർ ദ്രാവിഡ മാതൃക അല്ലെന്നും ടാസ്മാക് മോഡലാണെന്ന് അണ്ണാമലൈ നടത്തിയ പരാമർശം രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.

See also  ഹൈബി ഈഡനെ എറണാകുളം നെഞ്ചിലേറ്റി…

Leave a Comment