ഐഎസ്ആര്‍ഒ എഐ പരീക്ഷണ ശാലകള്‍ ആരംഭിച്ചു

Written by Taniniram Desk

Published on:

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണത്തിന് ഇനി എഐയും. എഐ അധിഷ്ഠിത ഗവേഷണങ്ങള്‍ക്കായി പ്രത്യേക പരീക്ഷണ ശാലകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ശാസ്ത്രജ്ഞര്‍ക്ക് ഈ മേഖലയില്‍ ശില്‍പശാലകളും സെമിനാറുകളും ക്ലാസുകളും ആരംഭിച്ചു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ജിഎക്‌സ് പരീക്ഷണ ദൗത്യത്തിലെ യന്ത്രവനിത ‘വ്യോമമിത്ര’ എഐ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുക. മനുഷ്യനെപ്പോലെ ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും പ്രാദേശിക ഭാഷകളുള്‍പ്പെടെ മനസ്സിലാക്കാനും വ്യോമമിത്രയ്ക്കു കഴിയും.

റോക്കറ്റ്, സ്‌പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിര്‍ണയിക്കല്‍, സ്വയംനിയന്ത്രണം, റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, റിസോഴ്‌സ് മാപ്പിങ്, കാലാവസ്ഥപ്രകൃതിദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിനാവശ്യമായ റോബട്ടിക് സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ് ഗവേഷണം മുന്നേറുന്നത്.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരശേഖരം അവലോകനം ചെയ്യാനും റിമോട്ട് സെന്‍സിങ്, കാലാവസ്ഥ പഠനം, ആശയവിനിമയം, ഗതിനിയന്ത്രണം തുടങ്ങിയവുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളെ ഉപയോഗിക്കാനും എഐ ഉപയോഗിക്കും. വിളകളുടെ ഉല്‍പാദന പ്രവചനം, കാലാവസ്ഥാ മുന്നറിയിപ്പും തല്‍സ്ഥിതി അറിയിപ്പും കൃത്യമാക്കല്‍, ദുരന്തപ്രവചനം, ഭൂവിനിയോഗ മാപ്പിങ്, നഗരവല്‍കരണ ആസൂത്രണം, കയ്യേറ്റം കണ്ടുപിടിക്കല്‍ എന്നിവയ്ക്ക് എഐയെ ഉപയോഗിക്കാം.

നിര്‍മാണങ്ങള്‍, കുടിയേറ്റം, നഗരജലാശയങ്ങള്‍, വനമേഖല, റോഡുകള്‍, ഡാമുകള്‍, കപ്പലുകള്‍ തുടങ്ങിയവയുടെ നിരീക്ഷണം, ചന്ദ്രന്‍, ചൊവ്വ, തുടങ്ങിയ ഗ്രഹാന്തര ദൗത്യങ്ങളില്‍ സാഹചര്യം സ്വയം വിലയിരുത്തി ഭ്രമണപഥ വ്യതിയാനം ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കല്‍ എന്നിവയ്ക്കും എഐയെ ഉപയോഗിക്കാന്‍ കഴിയും.

Related News

Related News

Leave a Comment