സംവരണവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല
തൃശൂര്‍ : രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ(BANK) ഡയറക്ടര്‍മാരിലും ഉയര്‍ന്ന മാനേജര്‍ തസ്തികകളിലും സംവരണം പാലിക്കുന്നില്ലെന്നു റിപ്പോര്‍ട്ട്. 2024 ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് പ്രധാനപ്പെട്ട ഒമ്പതു ബാങ്കുകളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ല.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യുകോ ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ നിയമനത്തിലാണ് സംവരണതത്വം ലംഘിക്കപ്പെട്ടിട്ടുള്ളത്. ആകെ 89 ഡയറക്ടര്‍മാരില്‍ എസ്.സി. മൂന്ന്, എസ്.ടി. ഒന്ന്, ഒ.ബി.സി. രണ്ട്, ന്യൂനപക്ഷം ഒന്ന് എന്നിങ്ങനെയാണ് ഡയറക്ടര്‍മാരുള്ളത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ എസ്.സി., എസ്.ടി. വിഭാഗത്തിന് ഒന്നുവീതം ഡയറക്ടര്‍മാരുണ്ട്. എസ്.സിക്ക് ഇന്ത്യന്‍ ഓവര്‍സീസ്, യൂകോ ബാങ്കുകളിലും ഒന്നുവീതമാണുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലുമാണ് ഒന്നുവീതം ഒ.ബി.സിയുടെ പ്രാതിനിധ്യം.
ഇന്ത്യന്‍ ബാങ്കിലെ ഏക ഡയറക്ടര്‍ സ്ഥാനം മാത്രമാണ് ന്യൂനപക്ഷത്തിനുള്ളത്. ബാങ്ക് ഓഫ് ബറോഡ-12, ബാങ്ക് ഓഫ് ഇന്ത്യ-10, ബാങ്ക് ഓഫ് മഹാരാഷ്ട്ര-8, കനറാ ബാങ്ക്-13, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ-9, ഇന്ത്യന്‍ ബാങ്ക്-11, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്-9 പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്-8, യുകോ ബാങ്ക്-9 എന്നിങ്ങനെ ആകെ 89 ബോഡ് ഓഫ് ഡയറക്ടര്‍മാരാണുള്ളത്. ആകെയുള്ളതില്‍ 82 പേരും ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക് എന്നിവയിലൊഴികെ മറ്റെല്ലാ ബാങ്കുകളിലും മുഴുവന്‍ ഡയറക്ടര്‍മാരും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണ്.
ഉയര്‍ന്ന മാനേജ്‌മെന്റ് തസ്തികകളില്‍ ആകെയുള്ള 147 ചീഫ് ജനറല്‍ മാനേജര്‍മാരില്‍ 135 പേരും 667 ജനറല്‍ മാനേജര്‍മാരില്‍ 588 പേരും ഉന്നത സമുദായത്തില്‍പ്പെട്ടവരാണ്. യഥാക്രമം ഇത് 92 ശതമാനവും 88 ശതമാനവുമെന്നാണ് 2022 നവംബറിലെ വിവരാവകാശ രേഖപ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ചീഫ് ജനറല്‍ മാനേജര്‍മാരില്‍ മൂന്നുപേര്‍ ഒ.ബി.സി. (രണ്ടു ശതമാനം), എസ്.സി. ഒമ്പത് (ആറ് ശതമാനം), എസ്.ടിക്ക് ഒന്നുമില്ല. ജനറല്‍ മാനേജര്‍മാരില്‍ ഒ ബി .സിയുടെ പ്രാതിനിധ്യം 13 ആണ്. രണ്ടു ശതമാനം തന്നെ. എസ്.സി. 52 (എട്ട് ശതമാനം), എസ്.ടി. 14 (രണ്ടു ശതമാനം).
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 78 ചീഫ് ജനറല്‍ മാനേജര്‍മാരില്‍ 74 പേരും ഉന്നതരാണ്. ബാങ്ക് ഓഫ് ബറോഡയില്‍ 15ല്‍ 14, ബാങ്ക് ഓഫ് ഇന്ത്യയില്‍ നാലില്‍ മൂന്ന്, കനറാ ബാങ്കില്‍ 13ല്‍ 10, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 19ല്‍ 19, യുകോ ബാങ്കില്‍ മൂന്നില്‍ മൂന്ന്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 15ല്‍ 12 എന്നിങ്ങനെയാണ് ജനറല്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 219 ജനറല്‍ മാനേജര്‍മാരില്‍ 202 പേരും ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. ഒ.ബി.സി. ഒന്ന്, എസ്.സി., 12, എസ്.ടി. നാല്. ജനറല്‍ മാനേജര്‍മാരുമാണുള്ളത്. ബാങ്ക് ഓഫ് ബറോഡ 67ല്‍ ജനറല്‍ 63, ഒ.ബി.സി. മൂന്ന്, എസ്.സി. ഒന്ന്, ബാങ്ക് ഓഫ് ഇന്ത്യ 39ല്‍ 33, ഒ.ബി.സി., എസ്.സി., എസ്.ടി. രണ്ടുവീതം. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 21ല്‍ 17, ഒ.ബി.സി. ഒന്ന്, എസ്.സി. മൂന്ന്. കനറാബാങ്ക് 59ല്‍ 49, ഒ.ബി.സി. ഒന്ന്, എസ്.സി. ഏഴ്, എസ്.ടി. രണ്ട്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 29ല്‍ 26, എസ്.സി. മൂന്ന്, ഇന്ത്യന്‍ ബാങ്കില്‍ 43ല് 38, ഒ.ബി.സി. ഒന്ന്, എസ്.സി. നാല്., ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 18ല് 17, ഒ.ബി.സി. ഒന്ന്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 12ല് ഒമ്പത്, എസ്.സി. രണ്ട്, എസ്.ടി. ഒന്ന്, പഞ്ചാബ് നാഷണല്‍ ബാങ്ക് 83ല്‍ 73, ഒ.ബി സി. ഒന്ന്, എസ്.സി. എട്ട്, എസ്.ടി. ഒന്ന്, യൂകോ ബാങ്കില്‍ 22ല്‍ 16, എസ്.സി. നാല്, എസ്.ടി. രണ്ട്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 55ല്‍ 45, ഒ.ബി.സി. രണ്ട്, എസ്.സി. ആറ്, എസ്.ടി. രണ്ട് എന്നിങ്ങനെയാണ് ജനറല്‍ മാനേജര്‍മാര്‍ തസ്തികയിലെ പ്രാതിനിധ്യം.