ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 10 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് 200 ഓളം വിമാനങ്ങളാണ് വൈകിയത്. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 പ്രകാരം വിമാനത്താവളത്തില്‍ എത്തേണ്ട 59 വിമാനങ്ങള്‍ വൈകിയതായും 4 എണ്ണം റദ്ദാക്കിയതായും പറയുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 138 വിമാനങ്ങള്‍ വൈകിയപ്പോള്‍ 6 എണ്ണം റദ്ദാക്കി.
ഡല്‍ഹിയില്‍ അതിശക്തമായി മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂര്‍ ദൃശ്യപരത പൂജ്യമായി തുടര്‍ന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മൂടല്‍ മഞ്ഞ് അതിശക്തമായി തുടരുകയാണ്. എയിംസ്, ദ്വാരക, ന്യൂഡല്‍ഹി സ്റ്റേഷന്‍ ഭാഗങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണുണ്ടായത്.
മോശം കാലാവസ്ഥ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. 51 ട്രെയിനുകളാണ് വൈകിയോടുന്നത്. വന്ദേ ഭാരത് രണ്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയതിനാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ കുടുങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൂടല്‍മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.