ഹൈക്കോടതികളെ നിയന്ത്രിച്ച് സുപ്രീം കോടതി
ന്യൂഡൽഹി ∙ എല്ലാ കേസുകളിലും സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ പാടില്ലെന്നും വസ്തുത മറച്ചുവയ്ക്കുകയോ രേഖ കൈമാറാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോൾ മാത്രം മതിയെന്നും സുപ്രീം കോടതി ഹൈക്കോടതികളോടു നിർദേശിച്ചു. ഉദ്യോഗസ്ഥരെ അവഹേളിക്കുന്നതരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതു സംബന്ധിച്ച് ഹൈക്കോടതികൾക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഈ നിർദേശങ്ങളുള്ളത്.
∙ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കേസിൽ തീർപ്പ് ഉണ്ടാകുമെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.
∙ കോടതിയുടെ അഭിപ്രായത്തിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടിയും വിളിച്ചുവരുത്തരുത്.
∙ വിഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അവസരം നൽകണം. ഇതിനായി ഒരുമാസം മുമ്പെങ്കിലും ലിങ്ക് കൈമാറണം.
∙ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമ്പോൾ കാരണം വ്യക്തമാക്കണം.
∙ കോടതി നടപടികൾ തീരുംവരെ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്. അവരുടെ ഭാഗം കേൾക്കുമ്പോൾ എഴുന്നേറ്റാൽ മതി.
∙ വിചാരണയ്ക്കിടെ ഉദ്യോഗസ്ഥർക്കു മാനസിക വിഷമമുണ്ടാകുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടാകരുത്.
∙ ഉദ്യോഗസ്ഥന്റെ രൂപഭാവമോ വിദ്യാഭ്യാസ പശ്ചാത്തലമോ സാമൂഹിക പശ്ചാത്തലമോ ചോദ്യം ചെയ്യരുത്.
∙ ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തെക്കുറിച്ചു പരാമർശിക്കരുത്. (ഓഫിസ് അന്തരീക്ഷത്തിന് ചേർന്ന വസ്ത്രമായിരിക്കണം.)
∙ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമ്പോൾ പരമാവധി ജാഗ്രത വേണം.