ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരതിന്‍റെ യാത്രക്കാരുമായുള്ള ആദ്യ സർവീസ് നാളെ. പുതുവർഷ പുലരിയിലാണ് വന്ദേ ഭാരത് യാത്ര തുടങ്ങുക. രാവിലെ അഞ്ച് മണിയ്ക്ക് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിൻ 11:30നാണ് ബെംഗളൂരുവിലെത്തുക. ട്രെയിനിന്‍റെ ആദ്യ രണ്ട് ദിവസത്തെ സർവീസിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കിങ്ങായിട്ടുണ്ട്. മറ്റുദിവസങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണുള്ളത്.
വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ഇന്നലെ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷൻ വരെ പ്രത്യേക അതിഥികളുമായി ട്രെയിൻ ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. 403 കിലോമീറ്റർ ദൂരം ആറര മണിക്കൂർകൊണ്ട് താണ്ടുന്ന രീതിയിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.