ന്യൂഡൽഹി: സാധാരണക്കാരനും അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്ന അമൃത് ഭാരത് ട്രെയിനുകൾ ഈ ആഴ്ച സർവീസ് ആരംഭിക്കും. രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. അയോധ്യ – ദർഭംഗ റൂട്ടിലും, ബെംഗളൂരു – മാൾഡ റൂട്ടിലുമാണ് രണ്ട് ട്രെയിനുകൾ സർവീസ് നടത്തുക. 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പുഷ് പുൾ ട്രെയിൻ വന്ദേ ഭാരതിനോട് കിടപിടക്കുന്ന സൗകര്യങ്ങളോടെയാണ് ട്രാക്കിലിറങ്ങുന്നത്.
നേരത്തെ വന്ദേ സാധാരൺ എന്നായിരുന്നു അമൃത് ഭാരത് എക്സ്പ്രസിനെ വിശേഷിപ്പിച്ചിരുന്നത്. ഓറഞ്ച്, ചാരനിറത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വന്ദേ ഭാരതിൽനിന്ന് വ്യത്യസ്തമായ നോൺ എസി ട്രെയിനാണ് അമൃത് ഭാരത്. ബുക്കിങ്ങില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്. 22 കോച്ചുകളിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകൾ രണ്ട് ഗാർഡ് കമ്പാർട്മെന്‍റ് എന്നിവയാണുള്ളത്.