ന്യൂഡൽഹി : നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് (National Budget) കർഷക വിരുദ്ധമെ ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ, ബജറ്റിന്റെ പകർപ്പ് കത്തിക്കുവാൻ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ (Samyukta Kisan Morcha) നേതൃത്വത്തിലാണ് പ്രതിഷേധം. ശക്തമായ കർഷക സമരം മൂലം പിൻവലിച്ച മൂന്ന് കരിനിയമങ്ങൾ തിരികെ കൊണ്ടുവരാനാണ് കേന്ദ്രം ബജറ്റിലൂടെ ശ്രമിക്കുന്നതെന്ന് സംഘടനകൾ ആരോപിച്ചു. വിളകൾ സംഭരിക്കുന്നതിൽ ഉൾപ്പെടെ കുത്തക കമ്പനികളെ നിയോഗിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ പ്രതിഷേധിക്കുന്നത്. പിൻവാതിലിലൂടെ കേന്ദ്രം നടത്തുന്ന ശ്രമം തുറന്നു കാട്ടുന്നതിനായും കൂടിയാണ് ബജറ്റ് കത്തിക്കുന്നത്. വിളകൾക്ക് താങ്ങുവില നൽകാത്ത ബിജെപി ക്ക് വോട്ടില്ലെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. താങ്ങുവില നിയമം മൂലം നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകസംഘടനകൾ പ്രതിഷേധിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗണ്യമായ തുക നീക്കിവയ്ക്കണം എന്ന ആവശ്യവും ബജറ്റ് അംഗീകരിച്ചില്ല. കൃഷി മന്ത്രാലയത്തിനേക്കാൾ അഞ്ചിരട്ടിയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. ഈ അവഗണയാണ് പ്രതിഷേധത്തിനു പ്രധാന കാരണമെന്നും കർഷക സംഘടനകൾ അറിയിച്ചു.
Related News