(Dr.Manmohan Singh New Memorial)ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ അനുമതി നൽകി കുടുംബം .ഡൽഹിയിലെ രാജ്ഘട്ടിനടുത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാനുള്ള അനുമതി നൽകി കൊണ്ട് ഡോ. മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർഷരൺ കൗർ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി.
കഴിഞ്ഞയാഴ്ച, കുടുംബം സ്ഥലം സന്ദർശിച്ച ശേഷമാണ് മൻമോഹൻ സിങ്ങിൻറെ ഭാര്യ ഗുർഷരൺ കൗർ രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കുന്നതിന് സമ്മതം അറിയിച്ചുള്ള കത്ത് കേന്ദ്ര സർക്കാരിന് കൈമാറിയത്. മൻമോഹൻ സിങ്ങിൻറ മക്കളായ ഉപീന്ദർ സിങ്ങും ദാമൻ സിങ്ങും ഒപ്പമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ, മുൻ രാഷ്ട്രപതിമാരായ ഗ്യാനി സെയിൽ സിംഗ്, പ്രണബ് മുഖർജി എന്നിവരുടെ സമാധി സ്ഥലങ്ങൾക്ക് നടുക്കാണ് സ്ഥലം കണ്ടെത്തിയത്
സ്മാരക നിർമാണത്തിനായി 25 ലക്ഷം രൂപവരെ ഒറ്റത്തവണ ഗ്രാൻഡിന് അപേക്ഷിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് മൻമോഹൻ സിങ്ങിൻറ മകൾ ഉപീന്ദർ സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.സ്മാരകം ഒരു ട്രസ്റ്റിന് കൈമാറണമെന്നും ഉപീന്ദർ സിങ്ങ് വ്യക്തമാക്കി.
2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിനെ നയിച്ച മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കാര ശില്‍പി എന്നാണ് അറിയപ്പെടുന്നത്. 92 ആം വയസ്സിൽ ഡിസംബർ 26 ന് രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.