കോയമ്പത്തൂർ (Coimbathoor) : ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണങ്ങളും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. (A young man has been arrested for stealing jewelry and money from a young woman he met through a dating app.) ഡിണ്ടിഗൽ ഡിവൈഎസ്പി തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് പിടിയിലായത്. റേസ് കോഴ്സ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാപ്പനായക്കം പാളയം സ്വദേശിയാണ് ധനുഷ്. പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയാണ് കവർച്ചയ്ക്ക് ഇരയായത്.
ഡേറ്റിങ് ആപ്പിൽ തരുൺ എന്ന പേരിലാണ് ധനുഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. നവംബർ രണ്ടാം തീയതി വൈകുന്നേരം നവക്കരയിലെ കുളക്കരയിൽ വെച്ച് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി സ്ഥലത്തെത്തി. സംസാരത്തിനിടെ സുഹൃത്തിനൊപ്പം ചേർന്ന് ധനുഷ് യുവതിയെ ഭീഷണിപ്പെടുത്തുകയും മൂന്ന് പവൻ ആഭരണങ്ങൾ കവരുകയും ചെയ്തു. കൂടാതെ, യുവതിയുടെ മൊബൈൽ വഴി 90,000 രൂപ ട്രാൻസ്ഫർ ചെയ്യിച്ച ശേഷമാണ് പ്രതികൾ യുവതിയെ രാമനാഥപുരത്തെ ഹോസ്റ്റലിന് മുന്നിൽ ഇറക്കിവിട്ടത്.
രാത്രി 11 മണിക്ക് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ധനുഷ് അടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് നൽകി. തുടർന്ന് യുവതി സഹോദരിയെ വിവരം അറിയിക്കുകയും സഹോദരിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
ആപ്പിലെ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ പോലീസ് പിടികൂടിയത്. കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്ന ധനുഷ്. വരുമാനം കുറഞ്ഞതിനെത്തുടർന്നാണ് വിവാഹിതരായ യുവതികളെ ഉൾപ്പെടെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പണവും ആഭരണങ്ങളും തട്ടിയെടുക്കാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.


