ന്യൂഡൽഹി: ഒന്നര വർഷത്തിനു ശേഷം ഇന്ത്യ വീണ്ടും കോവിഡ് ഭീഷണിയിലായിരിക്കുകയാണ്. വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡിനെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ്.
അതിനാൽ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്.രോഗംബാധിച്ചവർ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു.
കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ ദീർഘകാല പ്രശ്നങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ഹൃദയാഘാത സാധ്യത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ അതിൽ ചിലതാണ്. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടാമെങ്കിലും ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്ക് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അവർ വിലയിരുത്തി.
2020ലും 2021ലും കോവിഡ് വകഭേദങ്ങളെ തുരത്താൻ രാജ്യം സന്നദ്ധമായിരുന്നു. ഇന്ത്യയിൽഇതുവരെ 21 ജെ.എൻ. വൺ വകഭേദ കോവിഡ് കേസുകളാണ് റിപ്പോർട്ട്ചെയ്തിട്ടുള്ളത്. ഇതിൽ19 എണ്ണം ഗോവയിലാണ്. ഓരോന്നു വീതം മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലും. മാസ്ക് ധരിക്കുന്നതും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതും കോവിഡ് വ്യാപനം കുറക്കും. പനി, ചുമ, മണവും രുചിയും നഷ്ടപ്പെടൽ എന്നിവയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ഷീണം, ഛർദി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ അടിയന്തര ചികിത്സ തേടണം. പുതിയ ഒമിക്രോൺ വകഭേദത്തെ ജലദോഷത്തോടാണ് പലരും ഉപമിക്കുന്നത്. എന്നാൽ സാധാരണ അനുഭവപ്പെടുന്ന ജലദോഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ന്യൂമോണിയ പോലുള്ളവ വന്ന് രോഗികൾ അവശരാകുന്നു എന്നത് മാത്രമല്ല, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നുമുണ്ട്.
2020 ലെ ആദ്യതരംഗത്തിൽ നിന്നും 2021 ലെ ഡെൽറ്റാ തരംഗത്തിൽ നിന്നുമൊക്കെ ഏറെ പടിച്ച് രാജ്യം മുന്നോട്ടുപോയിട്ടുണ്ട്. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ ടെസ്റ്റിങ് നിരക്കുകൾ കൂടിയിട്ടുണ്ട്. അതിനാൽ അടുത്ത കുറച്ചുദിവസങ്ങൾക്കുള്ളിൽ പലസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഡേറ്റകൾ ലഭ്യമാകും. നിലവിൽ കേരള, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയവയിൽ മാത്രമാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ലക്സംബർഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്.