മുന്നൂറ്റി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവര്‍ എന്ന് പൊതുവെ പറയുന്ന ഇന്ത്യക്കാര്‍ മരത്തെയും, മൃഗങ്ങളെയും, കല്ലിനെയും, കാറ്റിനേയുമൊക്കെ ആരാധിക്കാറുണ്ട്. പക്ഷെ, ദിനോസര്‍ മുട്ടയെയും കുലദൈവമായി കണ്ട് ചില ഇന്ത്യക്കാര്‍ ആരാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ, എന്നാല്‍, കാര്യം സത്യമാണ്. മധ്യപ്രദേശില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്. കാരണം, മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നാട്ടുകാര്‍ കുലദൈവമായി കണ്ട് ആരാധിച്ചുപോന്ന അവരുടെ പവിത്രമായ കല്ലുകള്‍, ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ ഗ്രാമവാസികളുടെ ഈ കുലദൈവത്തെ കൊണ്ട് പോയി വ്യക്തമായി പഠനം നടത്തിയ ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ധാര്‍ ജില്ലയിലെ പദ്‌ല്യ ഗ്രാമത്തിലെ നിവാസികള്‍ കൃഷിക്കായി നിലം ഉഴുന്ന സമയതാണ് അവര്‍ തങ്ങളുടെ വിശുദ്ധ കല്ല് ആയി കണ്ട ഈ ദിനോസര്‍ മുട്ട കണ്ടെടുത്തത്. അന്നുമുതല്‍ ഗ്രാമത്തിലുള്ളവര്‍ ഈ മുട്ടകളെ ആരാധിക്കുവാന്‍ തുടങ്ങി. ഭിലാത് ബാബ എന്നാണ് അവര്‍ തങ്ങളുടെ ദേവനെ വിശേഷിപ്പിച്ചിരുന്നത്. ഗ്രാമത്തിലുള്ളവര്‍ ബിലാല്‍ ബാബയ്ക്ക് തങ്ങളുടെ വിശ്വാസം മുഴുവന്‍ അര്‍പ്പിച്ചു. കൃഷി നന്നായി നടത്തുവാനും വിളവ് നേടുവാനും ബാബാ സഹായിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്, എന്നാല്‍, അവരുടെ ബാബാ, ദിനോസറിന്റെ മുട്ടയായാണ് എന്ന് അവര്‍ അറിഞ്ഞില്ല. കുലദൈവം തങ്ങളുടെ കൃഷിയിടങ്ങളെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കും. ഞങ്ങള്‍ ഭിലാത് ബാബയ്ക്ക് നാളികേരം അര്‍പ്പിക്കുകയും പൂജ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല, മഴക്കാലത്ത് ഗ്രാമവാസികള്‍ ബാബയ്ക്ക് ആടിനെ അര്‍പ്പിക്കാറുണ്ടായിരുന്നു,’ പദ്‌ല്യ ഗ്രാമത്തിലെ താമസക്കാരനായ വെസ്റ്റ മണ്ഡലോയ് പറഞ്ഞു.
എന്നാല്‍, വിദഗ്ധ സംഘം ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകളായിരുന്നു കല്ലുകളെന്ന് കണ്ടെത്തി. ഇവിടെ 2011-ല്‍ നിര്‍മ്മിച്ച ഒരു ദിനോസര്‍ പാര്‍ക്കുണ്ട്. എന്നാല്‍, ഈ പാര്‍ക്കിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകള്‍ പലപ്പോഴും ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തുകയും, അവയെ ആരാധിക്കുകയും ചെയ്യുന്നതായി തങ്ങള്‍ക്കറിയാമെന്ന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് സോളങ്കി പറഞ്ഞു. ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്താണ് ഫോസില്‍ ശേഖരണത്തിന്റെയും സംരക്ഷണത്തിന്റെയും കേന്ദ്രം ഉള്ളത്. ദിനോസര്‍ ഫോസില്‍ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഇവിടെ പഴയകാല ഫോസിലുകള്‍ സൂക്ഷിച്ചുവരുകയാണ്. മാത്രമല്ല, ജില്ലയില്‍ ഇതുവരെ 250 ഓളം ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.
ദിനോസറുകള്‍ ജീവിച്ചിരുന്ന കാലയളവില്‍ മഡഗാസ്‌കര്‍ ഇന്ത്യയോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു. ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും വളരെ വിട്ടു നിന്ന ഇന്ത്യയില്‍ അക്കാലത്ത് പല വ്യത്യസ്തങ്ങള്‍ ആയ ജീവജാലങ്ങള്‍ ജീവിച്ചിരുന്നെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ, 167 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഡിക്രെയോസോറിഡ് ഇനത്തില്‍ പ്പെടുന്ന ദിനോസറിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. റൂര്‍ക്കിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജയ്‌സല്‍മേറില്‍ നിന്നും ചരിത്രാതീതകാലത്തെ ഈ ഫോസിലുകള്‍ പുറത്തെടുത്തത്. താര്‍ മരുഭൂമിയെയും രാജ്യത്തെയും പരാമര്‍ശിച്ച് ശാസ്ത്രജ്ഞര്‍ ദിനോസറിന്റെ ഫോസിലിന് ‘തരോസോറസ് ഇന്‍ഡിക്കസ്’ എന്ന് പേര് നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനാല്‍, ദിനോസറുകളുടെ പരിണാമത്തില്‍ നമ്മുടെ ഇന്ത്യയും ചെറുതല്ലാത്ത പങ്കുതന്നെ വഹിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്, ഇതിനിടെയാണ്, മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകളെ കുലദൈവങ്ങളായി ആരാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.