കനത്ത മൂടൽ മഞ്ഞ്: ഉത്തരേന്ത്യയിൽ 24 ട്രെയിനുകൾ വൈകി

Written by Taniniram1

Published on:

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത് മൂടൽ മഞ്ഞ് തുടരുന്നു. ജനുവരി 15 വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി – India Meteorological Department) മുന്നറിയിപ്പ്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി ഓടുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ജനുവരി 11 മുതൽ 15 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഉത്തർപ്രദേശ്, അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ 5:30 ന് പഞ്ചാബിലെ ബതിന്ഡയിലും ആഗ്രയിലും 0 മീറ്ററും ത്രിപുരയിലെ അഗർത്തലയിൽ 25 മീറ്ററും ജമ്മു, ഉത്തർപ്രദേശിലെ വാരണാസി, മധ്യപ്രദേശിലെ സത്‌ന, ബിഹാറിലെ പൂർണിയ, അസമിലെ തേസ്പൂർ, ഹരിയാനയിലെ ഹിസാർ എന്നിവിടങ്ങളിൽ 50 മീറ്ററും കുറഞ്ഞ ദൃശ്യപരതയാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ പാലം മേഖലയിൽ 100 ​​മീറ്ററും ഭോപ്പാലിലും രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 200 മീറ്ററും ദൃശ്യപരത രേഖപ്പെടുത്തി. ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കൻ മധ്യപ്രദേശ്, ഒഡീഷ, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ജനുവരി 11, 12 തീയതികളിൽ സമാനമായ അവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.

ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട മേഖലകളിലും ജനുവരി 11 വരെ തണുപ്പ് തുടരുമെന്ന് അതിനുശേഷം കുറയുമെന്നും ഐഎംഡി അറിയിച്ചു. ജനുവരി 11, 12 തീയതികളിൽ ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. അതിനിടെ, അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്, കേരളം, കർണാടകയുടെ തീരദേശ മേഖല, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

See also  റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച യുവതിക്ക് ദാരുണാന്ത്യം…

Leave a Comment