മന:പൂര്‍വ്വം മറക്കുന്ന രോഹിണി കമ്മീഷന്‍ റിപ്പോര്‍ട്ട്

Written by Taniniram1

Published on:

വി ആർ അജിത് കുമാർ

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോഴും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോഴും ഭരണകക്ഷി മന:പൂര്‍വ്വം മറക്കുന്ന ഒന്നുണ്ട്. 2017 ഒക്ടോബര് രണ്ടിന് സര്‍ക്കാര്‍ നിയമിച്ച രോഹിണി കമ്മീഷന്‍ റിപ്പോര്‍ട്ട്. പിന്നോക്ക സമുദായത്തിലെ അതിപിന്നോക്കമായവരെ കണ്ടെത്താനും സംവരണം പരമാവധി നീതിപൂര്‍വ്വകമായി നടപ്പിലാക്കാനുമായിരുന്നു സമിതിയെ നിയമിച്ചത്. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റീസായ ജസ്റ്റീസ്.ജി.രോഹിണിക്ക് പുറമെ ചെന്നൈയിലെ സെന്‍റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്‍റെ ഡയറക്ടര്‍ ജെ.സി.ബജാജ്, കൊല്‍ക്കൊത്ത് ആന്ത്രപ്പോളജി സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഗൌരി ബസു, സെന്‍സസ് കമ്മീഷണറും രജിസ്ട്രാര്‍ ജനറലുമായ വിവേക് ജോഷി എന്നിവരായിരുന്നു അംഗങ്ങള്‍. 2018 വരെ 1,30,000 കേന്ദ്ര സര്‍ക്കാര്‍ ജോലികളും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും സമിതി പരിശോധിക്കുകയുണ്ടായി.

പിന്നോക്ക സമുദായത്തിന് അനുവദിച്ചിട്ടുള്ള 27 ശതമാനം സംവരണത്തിലെ 97 ശതമാനവും ലഭിക്കുന്നത് 25 ശതമാനം ഉപവിഭാഗങ്ങള്‍ക്കാണ് എന്ന് സമിതി മനസിലാക്കി .എന്നുമാത്രമല്ല ഇതില്‍തന്നെ പത്ത് ഉപസമുദായങ്ങളാണ് 25 ശതമാനം ജോലിയും ഭൂരിപക്ഷം കോളേജ് പ്രവേശനവും നേടുന്നതെന്നും സമിതി മനസ്സിലാക്കി. പിന്നോക്കക്കാരായ 2600 ഉപജാതികളില്‍ 37 ശതമാനം വരുന്ന 983 ഉപജാതികള്‍ക്ക് സംവരണത്തിന്‍റെ ഗുണം ലഭിച്ചിട്ടേയില്ല എന്നും സമിതി കണ്ടെത്തി. 994 ജാതികള്‍ക്ക് 2.68 ശതമാനം ഗുണം മാത്രമെ നേടാന്‍ കഴിഞ്ഞിട്ടുള്ളു. 2019 ലെ സമിതിയുടെ ആദ്യ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ഉപജാതികളെ മൂന്ന് വിഭാഗമാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഒരു പ്രയോജനവും കിട്ടാത്തവര്‍ക്കായി പത്ത് ശതമാനവും ഭാഗികമായിമാത്രം ഗുണം കിട്ടുന്നവര്‍ക്ക് പത്ത് ശതമാനവും പരമാവധി ഗുണം നേടിയവര്‍ക്ക് ഏഴ് ശതമാനവും എന്നതായിരുന്നു ശുപാര്‍ശ. തൊട്ടാല്‍ കൈപൊള്ളാവുന്ന ഒരു വിഷയമയാതിനാല്‍ കേന്ദ്രസര്‍ക്കാര്‍ 2023 ജൂലൈ 21 ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശീതസംഭരണിയിലാക്കി. ഉപവിഭാഗ സെന്‍സസിനായി ശബ്ദമുയര്‍ത്തിയ നിതീഷ് മറുകണ്ടം ചാടിയതോടെ പ്രതിഷേധ ശബ്ദങ്ങളും ഇല്ലാതായി.

എന്നാല്‍ ഇത് നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ട് എന്നതാണ് ശ്രദ്ധേയം. ബംഗാളും തമിഴ് നാടും ആന്ധ്രയും മഹാരാഷ്ട്രയും തെലങ്കാനയും കര്‍ണ്ണാടകയും ജാര്‍ഖണ്ഡും ബിഹാറും ജമ്മു കാശ്മീരും ഹരിയാനയും പുതുച്ചേരിയും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ബീഹാറില്‍ അതിപിന്നോക്കത്തിന് 18 ശതമാനവും പിന്നോക്കത്തിന് 12 ശതമാനവുമാണ് റിസര്‍വ്വേഷന്‍. പിന്നോക്കക്കാര്‍ക്കുള്ള പന്ത്രണ്ടില്‍ മൂന്ന് ശതമാനം പിന്നോക്കക്കാരായ സ്ത്രീകള്‍ക്കായും റിസര്‍വ്വ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു പരിശോധനയും ഉപവിഭാഗങ്ങളെ കണ്ടെത്തലും പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തിലും അനിവാര്യമാണ്. കൂടുതല്‍ ഗുണം കിട്ടുന്ന സമുദായങ്ങളും തീരെ കിട്ടാത്ത സമുദായങ്ങളും ഇക്കൂട്ടത്തിലും ഉണ്ട്. കമ്മീഷനും റിപ്പോര്‍ട്ടും മാത്രം പോര,നടപ്പിലാക്കാനുള്ള ആര്‍ജ്ജവും സര്‍ക്കാരിനുണ്ടാവണം എന്നുമാത്രം. എങ്കിലേ ഇത്തരം സംവരണങ്ങള്‍ നീതിപരവും സമഭാവവും ആവുകയുള്ളു.

See also  തെക്കൻ തമിഴ്നാട് ദുരിതക്കയത്തിൽ

Leave a Comment