ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നൂറിലധികം വിമാനങ്ങൾ വൈകി. എൺപതോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 18 ട്രെയിൻ സർവീസുകളും മൂടൽ മഞ്ഞിനെ തുടർന്ന് വൈകി.
ശൈത്യ തരംഗം തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡിൽ യാത്ര ചെയ്യുന്നവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.
അതിനിടെ മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്നറിയിച്ചതിന് ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6ഇ 2175 വിമാനത്തിലാണ് സംഭവം. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്നാണ് മർദിച്ചത്. സഹിൽ കഡാരിയ എന്ന ആളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. വിമാനം പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന സമയം 7.40 ആയിരുന്നു. എന്നാൽ കനത്ത മൂടൽമഞ്ഞ് കാരണം പുറപ്പെടൽ സമയം ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് യാത്രക്കാരൻ ഓടിയെത്തി പൈലറ്റിനെ മർദിച്ചത്. തുടർന്ന് ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.