പുതുച്ചേരിയിൽ (Puducherry)കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്നും കണ്ടെത്തി. കൈയും കാലും കെട്ടി ചാക്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓടയിൽ നിന്നും ദുർഗന്ധം വന്നതോടെ ജനങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.