തിരുപ്പൂർ: ചെരിപ്പ് ധരിച്ച് സവർണ സമുദായത്തിന്‍റെ അലിഖിത വിലക്ക് ലംഘിച്ച് തമിഴ്നാട്ടിലെ ദലിതർ. തിരുപ്പൂർ ജില്ലയിലെ രാജാവൂർ ഗ്രാമത്തിൽ നിന്നുള്ള 60 ദലിതരാണ് ഗ്രാമത്തിലെ കമ്പള നായ്ക്കൻ സ്ട്രീറ്റിലൂടെ ആദ്യമായി ചെരിപ്പ് ധരിച്ച് നടന്നത്.
പട്ടികജാതിക്കാർക്ക് തെരുവിൽ സൈക്കിൾ ചവിട്ടാൻ പോലും അനുവാദമില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗക്കാർ തെരുവിൽ ചെരിപ്പ് ഉപയോഗിച്ച് നടന്നാൽ പ്രാദേശിക ദേവത കോപിക്കുമെന്ന് പറഞ്ഞായിരുന്നു വർഷങ്ങളായി ദലിതരെ വിലക്കിയിരുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് പ്രശ്നം ദലിത് സംഘടനകളുടെ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. രാജാവൂർ, മൈവാടി ഗ്രാമങ്ങളിൽ കാലങ്ങളായി ദലിതർക്ക് നേരെ വിവേചനങ്ങൾ നിലനിൽക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു. സവർണരുടെ ചായക്കടകളിൽ സവർണർക്ക് ചില്ലു ഗ്ലാസിലും ദലിതർക്ക് പേപ്പർ ഗ്ലാസിലുമാണ് ചായ നൽകുന്നത്.