ന്യൂഡൽഹി ∙ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷി നിർത്തി, സുപ്രധാനമായ ക്രിമിനൽ നിയമ പരിഷ്കരണ ബില്ലുകളടക്കം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തുനിന്ന് എ.എം.ആരിഫ് (സിപിഎം), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്–എം) എന്നിവരെക്കൂടി സഭാനടപടികൾ തടസ്സപ്പെടുത്തിയതിന് ഇന്നലെ സസ്പെൻഡ് ചെയ്തു. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 143 ആയി. സസ്പെൻഡ് ചെയ്യപ്പെട്ടവർ ഇന്നലെയും പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ‘ഇന്ത്യ’ മുന്നണി അംഗങ്ങൾ ഇന്ന് പാർലമെന്റിൽനിന്ന് വിജയ്ചൗക്കിലേക്കു മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം സമരത്തിനിടെ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറെ തൃണമൂൽ അംഗം കല്യാൺ ബാനർജി പരിഹാസരൂപേണ അനുകരിച്ചതും ഇതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഡിയോയിൽ പകർത്തിയതും സർക്കാർ രാജ്യസഭയിൽ രാഷ്ട്രീയ ആയുധമാക്കി. തന്റെ കർഷക, ജാട്ട് സമുദായ പശ്ചാത്തലത്തെ ഉന്നമിട്ടുള്ള പരിഹാസം വേദനിപ്പിച്ചെന്നു വ്യക്തമാക്കി ധൻകർ തന്നെ ഭരണപക്ഷത്തിനു കളമൊരുക്കി.