Sunday, April 20, 2025

സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം

Must read

- Advertisement -

ഡൽഹി: കോവിഡിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാര്‍. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ 1 പടരുന്ന സാഹചര്യത്തിൽ നിരീക്ഷണവും പരിശോധനകളും ഊർജ്ജിതമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് സമയാസമയങ്ങളിൽ സമർപ്പിക്കണം. ജില്ലാതല കണക്കുകളാണ് നൽകേണ്ടത്.

കോവിഡിന്റെ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കണം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ബുധനാഴ്ച അവലോകനയോഗം വിളിച്ചിട്ടുണ്ട്.

അതെസമയം കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്താൻ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രസ്താവിച്ചു. കേരളത്തിൽ ഈ വകഭേദം ആദ്യമായി കണ്ടെത്തിയതിനു കാരണം ആരോഗ്യസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നതു കൊണ്ടാണെന്ന് അവർ പറഞ്ഞു. കൃത്യമായ പരിശോധനകളും മറ്റും നടക്കുന്നതു കൊണ്ടാണിത്. ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ പന്ത്രണ്ടോളം പേരിൽ കഴിഞ്ഞ മാസങ്ങളിൽ ഇതേ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. അഥവാ ഈ രോഗം മറ്റ് സംസ്ഥാനങ്ങളിൽ നേരത്തേ തന്നെയുണ്ടായിരുന്നെന്ന് അവർ വ്യക്തമാക്കി.

ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണം.

കോവിഡ് ബാധിച്ചശേഷം കഴിഞ്ഞദിവസങ്ങളിൽ മരിച്ചവർക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയവരാണ്. ഇതാണ് മരണകാരണമായത്. ആശുപത്രികളിൽ നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്നത് നിരന്തരമായി പരിശോധിക്കുന്നുണ്ട്. ഐസലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നുമുണ്ട്.

See also  തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി റിമാൻഡിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article