ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിയമ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങൾ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാൻ കഴിയില്ല. തമിഴ്നാട്ടിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് അധികാരികൾ ഉറപ്പുവരുത്തണം വിജയ് പ്രസ്താവനയിലൂടെ പറഞ്ഞു.
കേന്ദ്രം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തിയ വിജയുടെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കേരളത്തിലുടനീളം നൈറ്റ് മാർച്ച് നടത്തിയിരുന്നു. കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. കാഴ്ചപ്പാടുകളെ തകർത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.