മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും (Aurangabad) ഒസ്മാനാബാദിന്റെയും (Osmanabad) പേരുമാറ്റം ശരിവെച്ച് ബോംബെ ഹൈക്കോടതി (Bombay High Court). പേരുമാറ്റം നിർദ്ദേശിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിൻ്റെ നടപടിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് ആരിഫ് എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിരീക്ഷണം. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ജൂൺ 2022ലാണ് രണ്ട് നഗരങ്ങളുടെയും പേര് മാറ്റാനുള്ള തീരുമാനത്തിന് അംഗീകാരമായത്. അന്നത്തെ ഉദ്ധവ് താക്കറെ സർക്കാരാണ് തങ്ങളുടെ അവസാന ക്യാബിനറ്റ് മീറ്റിംഗിൽ പേരുമാറ്റം അംഗീകരിച്ചത്. ഇതനുസരിച്ച് ഔറംഗബാദ് സംഭാജിനഗർ ആക്കിയും ഔസ്മാനബാദ് ധാരാശിവ് ആക്കിയും മാറ്റി. പിന്നീട് അധികാരത്തിലേറിയ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ സംഭാജിനഗറിന് മുന്നിൽ ഛത്രപതി കൂടിച്ചേർത്തു. 2024 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നഗരങ്ങളുടെ പേര് മാറ്റിയതിന് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതിയും പേരുമാറ്റിയ നടപടി അംഗീകരിച്ചിരിക്കുന്നത്.
പേരുമാറ്റം രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ചരിത്രപരമായ കാരണങ്ങളാണ് പേരുമാറ്റത്തിനു കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.