സന്ദർശകർക്ക് വിലക്ക്
കൊൽക്കത്ത: മ്യൂസിയത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് പ്രവേശനം നിർത്തിവച്ചു. കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിനാണ് ബോംബ് ഭീഷണി ഉയർന്നത്. കൊൽക്കത്ത പൊലീസിന് ഇമെയിലിലൂടെ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.
‘ടെററൈസേഴ്‌സ് 111’ എന്ന സംഘടനയാണ് ഇമെയിൽ സന്ദേശം അയച്ചത്. മ്യൂസിയത്തിനകത്ത് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും രാവിലെയോടെ പൊട്ടിത്തെറിക്കുമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്. സന്ദേശം ലഭിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസും ബോംബ് സ്‌ക്വാഡും സ്‌നീഫർ ഡോഗുകളും സ്ഥലത്തെത്തി. മ്യൂസിയം മുഴുവനായും അടച്ചു.
സന്ദർശകർക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. കെട്ടിടം മുഴുവനായി പരിശോധിക്കുകയാണ് പൊലീസ്.ഇമെയിൽ അയച്ച ആളുടെ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിശോധന തുടരുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിന് സ്‌ഫോടക വസ്‌തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.200ൽ അധികം വർഷം പഴക്കമുള്ളതാണ് മ്യൂസിയം.
1814ലാണ് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം സ്ഥാപിതമായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ മൾട്ടിപർപ്പസ് മ്യൂസിയമാണ് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം.