തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏട്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പടക്ക നിര്‍മ്മാണത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലാണ് സംഭവം നടന്നത്. വർഷങ്ങളായി സമാനമായ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലമാണിത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ്. തീപിടിത്തത്തിന്‍റെ കാരണം പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്ക നിർമാണ യൂണിറ്റിൽ ഉച്ചയ്ക്ക് ശേഷം സ്‌ഫോടനം നടക്കുമ്പോൾ പത്തോളം തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതം നല്‍കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടനം സ്ഥിരം സംഭവം
ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലകളില്‍ സ്ഫോടനം നടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. നിരവധി ജീവനക്കാരാണ് പടക്ക നിര്‍മ്മാണത്തിനിടെ ഓരോ വര്‍ഷവും ദാരുണമായി കൊല്ലപ്പെടുന്നത്.
ഈ വർഷം ആദ്യം ഫെബ്രുവരിയിൽ, വെമ്പക്കോട്ട് ബ്ലോക്കിൽ ഫാൻസി പടക്കങ്ങൾക്കുള്ള രാസവസ്തുക്കൾ മിക്‌സ് ചെയ്യുന്നതിനിടെ രാമുതേവൻപട്ടി പടക്കനിർമാണ ശാലയിലെ ജീവനക്കാരായ 10 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സമാനമായ ഒരു അപകടത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.