കഫ് സിറപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ നടത്താത്ത കമ്പനികൾ നിർമ്മിക്കുന്ന കഫ് സിറപ്പുകൾ നിരോധിക്കാൻ തീരുമാനിച്ച് ഉത്തരാഖണ്ഡിലെ ആരോഗ്യവിഭാഗം. ഗ്യാസ് ക്രോമാറ്റോഗ്രാഫി വഴി സാമ്പിള്‍ പരിശോധന നടത്താത്ത മരുന്നുകൾ നിരോധിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
സാമ്പിളിലെ രാസവസ്തുക്കളെ വേര്‍തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന പരിശോധനയാണ് ഗ്യാസ് ക്രൊമാറ്റോഗ്രഫി. രാസവസ്തുക്കളുടെ സാന്നിദ്ധ്യം അവയുടെ അളവ് എന്നിവയറിയാനും ഈ പരിശോധനയിലൂടെ സാധിക്കുന്നു. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (ഡിഇജി). എത്തിലീന്‍ ഗ്ലൈക്കോള്‍ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനും ഈ രീതി ഉപയോഗിച്ച് വരുന്നുണ്ട്.
കഫ് സിറപ്പിലെ വിഷാംശവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തി നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ഇത്തരം പരാതികളുമായി ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍, കാമറോണ്‍ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഇവിടങ്ങളിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഇന്ത്യൻ നിർമിത കഫ്‌സിറപ്പുകളിലെ ഗുണനിലവാരത്തിലേക്ക് വിരല്‍ ചൂണ്ടിയത്.
തുടര്‍ന്ന് ലോകാരോഗ്യ സംഘടനയും മറ്റ് ചില ഏജന്‍സികളും നടത്തിയ പരിശോധനയില്‍ കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ്‌സിറപ്പുകളില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.