ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും. ഇപ്പോഴിതാ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ പുറത്തുവിട്ടിരിക്കുകയാണ് ട്രസ്റ്റ്.
“പരമ്പരാഗത നാഗര്‍ ശൈലിയിലാണ് ക്ഷേത്ര മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 380 അടിയാണ് (കിഴക്ക് പടിഞ്ഞാറന്‍ ദിശയില്‍) ക്ഷേത്രത്തിന്റെ നീളം. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന് മൂന്ന് നിലകളാണ് ഉള്ളത്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ട്. 392 തൂണുകളും 44 വാതിലുകളുമുണ്ട്,” ട്രസ്റ്റ് ട്വിറ്ററില്‍ കുറിച്ചു.
“പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാല്യരൂപവും (ശ്രീരാം ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്,” ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.
732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള മതില്‍ ക്ഷേത്രത്തിന്റെ ചുറ്റുമായി നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്ര വളപ്പില്‍ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളുണ്ട്. സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവരെയാണ് ഈ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്ക് ഭാഗം അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവുമാണ് ഉള്ളത്. പുരാതനകാലത്തുള്ള ചരിത്രപ്രസിദ്ധമായ കിണറും (സീതാ കൂപ്പ്) ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ അടിത്തറ 14 മീറ്റര്‍ കനമുള്ള റോളര്‍-കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ പാളി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കൃത്രിമ പാറയുടെ രൂപം നല്‍കുന്നു. ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നി സുരക്ഷാ ജലവിതരണം, വൈദ്യുത നിലയം എന്നിവയെല്ലാമുണ്ട്.
25,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന പില്‍ഗ്രിംസ് ഫെസിലിറ്റി സെന്ററും ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ. ലോക്കര്‍ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഒരു ലക്ഷം പേര്‍ അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ്. അന്നേ ദിവസം രാജ്യത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.