അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്തുവാൻ ഉത്തരവിട്ട് കർണാടക സർക്കാർ.
ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിനാണ് ഇതിനായി നിർദ്ദേശം നൽകിയത്. പൂജയിലെ ചടങ്ങുകളെ കുറിച്ചും ഇതിനായി വകയിരുത്തുന്ന ഫണ്ട് സംബന്ധിച്ചും വിജ്ഞാപനം വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.
അയോധ്യയിൽ ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന അതേസമയം തന്നെയാണ് പ്രത്യേക പൂജകളും നടത്താൻ ഉദ്ദേശിക്കുന്നത്. രാമക്ഷേത്രങ്ങളിൽ മാത്രമല്ല, മറിച്ച് കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്തുമെന്ന് ക്ഷേത്ര ഭരണ വകുപ്പായ മുസ്റെയുടെ മന്ത്രി രാമലിങ്ക റെഡ്ഡി അറിയിച്ചു.
കർണാടകയിൽ ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിന് കീഴിൽ 34,563 ക്ഷേത്രങ്ങളാണുള്ളത്.