ലഖ്നൗ : അയോധ്യ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു സോണിയ ഗാന്ധിയെ ക്ഷണിച്ചെങ്കിലും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ക്ഷണം ലഭിച്ചേക്കില്ല. പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിക്കണമെങ്കിൽ രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളിൽ ഉൾപ്പെടണം. എന്നാൽ രാഹുലും പ്രിയങ്കയും ട്രസ്റ്റ് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവരല്ല. അതുകൊണ്ട് തന്നെ ചടങ്ങിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായേക്കില്ലെന്നാണു വിവരം. ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര സോണിയ ഗാന്ധിയെ ക്ഷണിച്ചത് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ എന്ന നിലയ്ക്കാണെന്നു ചില വൃത്തങ്ങൾ വെളിപ്പെടുത്തി.
മൂന്നു വിഭാഗങ്ങളിൽപ്പെടുത്തിയാണു ട്രസ്റ്റ് രാഷ്ട്രീയ മേഖലയിൽനിന്നുളള അതിഥികളെ ക്ഷണിക്കുന്നത്. പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷനേതാക്കന്മാർ, 1984 നും 1992 നും മധ്യേ രാമക്ഷേത്ര പ്രക്ഷോഭത്തിൽ പങ്കാളികളായവർ എന്നിങ്ങനെയാണു ആ വിഭാഗങ്ങൾ. ഇതുകൂടാതെ സന്യാസിമാർക്കും വ്യവസായികൾക്കും കായികതാരങ്ങള്‍ക്കും കലാകാരന്മാർക്കും ക്ഷണമുണ്ട്.
ഏറ്റവും ഒടുവിലായി നടൻ രജനീകാന്തിനും ചടങ്ങിലേക്കും ക്ഷണം ലഭിച്ചതായാണു വിവരം. ട്രസ്റ്റിനുവേണ്ടി ബിജെപി നേതാവ് അർജുനമൂർത്തിയാണു ആർഎസ്എസ് നേതാക്കൾക്കൊപ്പം രജനീകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചത്. ചിത്രങ്ങൾ അർജുനമൂർത്തി തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു