ആരോഗ്യസന്ദേശവുമായി ഓട്ടോ ഓടുന്നു

Written by Taniniram1

Published on:

ചിത്രകൂട് (ഉത്തര്‍പ്രദേശ്): ചിത്രകൂട് ആരോഗ്യധാമിന്റെ സേവാസംരംഭങ്ങള്‍ സമീപ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓട്ടോ റിക്ഷാ റണ്‍ പരിപാടിക്ക് തുടക്കം.

ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും സേവാ ഇന്റര്‍നാഷണല്‍ യുകെയും ചേര്‍ന്നുള്ള ഓട്ടോ റിക്ഷാ ഓട്ടത്തില്‍ യുകെ സേവാ ഇന്റര്‍ നാഷണലിന്റെ 125 സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 12ന് ചിത്രകൂടില്‍ നിന്ന് ആരംഭിച്ച യാത്ര നാല് സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലൂടെ കടന്ന് 25ന് ഗുജറാത്തിലെ കച്ചില്‍ ധോലവീരയില്‍ സമാപിക്കും.

ഓട്ടോറിക്ഷകള്‍ ഓടിച്ച് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് വിദേശികളടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മഹാപ്രബന്ധക് ഡോ. അമിതാഭ് വസിഷ്ഠ പറഞ്ഞു. ഓരോ റിക്ഷയിലും മൂന്ന് പേരുണ്ടാകും, അവര്‍ ഓരോരുത്തരും മാറിമാറി റിക്ഷ ഓടിക്കും. ഭാരതീയ ഗ്രാമീണ ജീവിതശൈലി നേരില്‍ കാണാനും സേവന പദ്ധതികള്‍ കാണാനും ഈ യാത്ര ഉപകരിക്കും. ചിത്രകൂടില്‍ നിന്ന് കച്ഛിലേക്ക് 36 ഓട്ടോ റിക്ഷകളില്‍ 12 ദിവസം കൊണ്ട് 2000 കിലോമീറ്ററിലധികം സഞ്ചരിക്കും.

ആധുനികവും പരമ്പരാഗതവുമായ ആരോഗ്യ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ഗ്രാമീണജനതയ്‌ക്ക് താങ്ങാനാവുന്ന, മെച്ചപ്പെട്ടതുമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യധാം ഡയറക്ടര്‍ ഡോ. മിലിന്ദ് ദേവ്ഗാവ്കര്‍ പറഞ്ഞു. ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്റും ലണ്ടനിലെ മുതിര്‍ന്ന ദന്തഡോക്ടറുമായ ഡോ. നരേഷ് ശര്‍മ്മയാണ് ഈ യാത്രയ്‌ക്ക് നേതൃത്വം നല്കുന്നത്. യുകെ, കാനഡ, കെനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.

ചിത്രകൂടിന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖിന്റെ തപസാണ് ചിത്രകൂടിലെ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് യാത്ര ഫഌഗ് ഓഫ് ചെയ്ത മഹന്ത് ദിവ്യജീവന്‍ദാസ് പറഞ്ഞു. സമൂഹത്തിന് നല്ലത് ചെയ്യുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ആരോഗ്യധാമില്‍ പുതിയ ദന്തല്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.

Related News

Related News

Leave a Comment