അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ. എന്നാൽ ആ തീയതിയിൽ മറ്റ് പരിപാടികൾ നിശ്ചയിക്കരുതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും വിശദാംശങ്ങളോടൊപ്പം ഒരു ഔപചാരിക ക്ഷണം പിന്നാലെ എത്തുമെന്ന അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചു. ജനുവരി 22ന് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കും.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ല. പ്രതിഷ്ഠാ ചടങ്ങിനെ ‘ആർഎസ്എസ്/ ബിജെപി പരിപാടി’ എന്ന് വിശേഷിപ്പിച്ച് തയ്യാറാക്കിയ കത്തിലൂടെയാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.