ശ്രീനഗർ: മഞ്ഞുവീഴ്‌ചയിൽ വലിയ കുറവ് രേഖപ്പെടുത്തിയ കശ്‌മീരിൽ ആപ്പിൾ കർഷകർ ആശങ്കയിൽ. മികച്ച ഗുണമേന്മയുള്ള ആപ്പിളിന് മഞ്ഞിന്റെ സാന്നിധ്യം അത്യാവശ്യമാണ്. കഴിഞ്ഞ സീസണിൽ വൻതോതിൽ മഞ്ഞുവീഴ്‌ചയുണ്ടായ കശ്‌മീരിൽ ഇത്തവണ ഏറെക്കുറെ വരണ്ട കാലാവസ്ഥയാണെന്ന് കർഷകർ പറയുന്നു. ശൈത്യം കടുക്കേണ്ട സമയമായിട്ടും മഞ്ഞുവീഴ്‌ചയില്ലാത്തത് കർഷകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്ന് പഴക്കർഷകനും ഷോപ്പിയാൻ മണ്ഡി മുൻ പ്രസിഡന്റുമായ മുഹമ്മദ് അഷ്‌റഫ് വാനി പറഞ്ഞു. നിലവിലെ കാലാവസ്ഥയിൽ മരങ്ങൾ നേരത്തേ പൂക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞിന്റെ അഭാവവും ചൂടുള്ള കാലാവസ്ഥയും അടുത്ത വിളവിനെയും ബാധിക്കുമെന്ന് ഷേർ- ഇ- കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ മുതിർന്ന ശാസ്‌ത്രജ്ഞൻ പ്രതികരിച്ചു. പ്രതിവർഷം രണ്ടു ദശലക്ഷം മെട്രിക് ടൺ ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന കശ്‌മീരിൽ മൂന്നു ദശലക്ഷത്തിലധികം ആളുകൾ നേരിട്ടോ അല്ലാതെയോ ആപ്പിൾ കൃഷിയിലൂടെയാണ് ഉപജീവനം നയിക്കുന്നത്.