വിദിശ (മധ്യപ്രദേശ്): കോണ്‍ഗ്രസിന് തന്നെ ഉറപ്പില്ല, പിന്നെ അവര്‍ ജനങ്ങള്‍ക്കെന്ത് ഉറപ്പ് നല്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ മുന്നണിക്കും കോണ്‍ഗ്രസിനും മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദിശയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന് അമിത്ഷാ.
പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിൻ്റെ കാലത്ത് അവരെത്ര പണം മധ്യപ്രദേശിന് നല്കിയെന്ന് കമല്‍നാഥിന് പറയാനാകുമോ? ഞാനൊരു വ്യാപാരിയാണ്, കണക്കും കൊണ്ടാണ് ഞാന്‍ വന്നത്. അവര്‍ തന്നത് വെറും രണ്ട് ലക്ഷം കോടി. മോദിജി ഒമ്പത് വര്‍ഷം കൊണ്ട് അത് ആറ് ലക്ഷം കോടിയാക്കി ഉയര്‍ത്തി. വിവിധ പദ്ധതികള്‍ക്കായി അഞ്ച് ലക്ഷം കോടി വേറെയും നല്കി.
ദരിദ്രരുടെ ക്ഷേമത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്, അവര്‍ ദാരിദ്ര്യം ഇല്ലാതാക്കിയില്ല, ദരിദ്രരെയാണ് ഇല്ലാതാക്കിയത്. മോദിജി ദരിദ്രര്‍ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചു, മധ്യപ്രദേശില്‍ മാത്രം 93 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 6000 രൂപ വീതം അയച്ചു. ഇനിയും അധികാരത്തില്‍ വന്നാല്‍ അത് 12000 രൂപയായി വര്‍ധിപ്പിക്കും. 65 ലക്ഷം പാവപ്പെട്ടവരുടെ വീടുകളില്‍ ടാപ്പ് വെള്ളം വിതരണം ചെയ്തു. ആയുഷ്മാന്‍ ഭാരതിലൂടെ മൂന്ന് കോടി 70 ലക്ഷം പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യമായി നല്‍കുന്നു. ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ അത് 10 ലക്ഷം രൂപയായി മാറും, അമിത് ഷാ പറഞ്ഞു.
പതിനൊന്നാം സ്ഥാനത്തായിരുന്ന രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ അഞ്ചാം സ്ഥാനത്തെത്തിച്ചത് നരേന്ദ്ര മോദിയാണ്. അദ്ദേഹം ലോകമെമ്പാടുമുള്ള രാഷ്‌ട്രത്തലവന്മാരെ ഇവിടെ കൊണ്ടുവന്നു, ഡെല്‍ഹി പ്രഖ്യാപനത്തിലൂടെ ലോകത്തില്‍ ഭാരതത്തിൻ്റെ നയതന്ത്രപതാക ഉയര്‍ത്തി. പാര്‍ലമെന്റിൽ വനിതാ സംവരണം ഉറപ്പാക്കി, അമിത് ഷാ ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് എതിരെ അമിത്ഷാ
Written by Taniniram Desk
Published on: