ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊതുജനാരോഗ്യവും ആശുപത്രികളിലെ തയ്യാറെടുപ്പുകളും വിലയിരുത്താനാണ് നിർദ്ദേശം. നേരത്തെ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
സീസണൽ ഫ്ലൂ വ്യാപനത്തെക്കുറിച്ചും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പനി, വിറയൽ, വിശപ്പ് കുറവ്, ഓക്കാനം, തുമ്മൽ, വരണ്ട ചുമ മുതലായവയാണ് സീസണൽ ഫ്ലൂവിന്റെ പ്രധാനലക്ഷണങ്ങൾ. അഞ്ചുമുതൽ ഏഴുദിവസത്തോളം ഇത് നീണ്ടുനിൽക്കാം. പകർച്ചവ്യാധിയാണെങ്കിലും മരണനിരക്ക് കുറവാണ്. എന്നാൽ കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്നുകളെടുക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യതയുണ്ട്. അപകടസാധ്യതാ വിഭാഗത്തിൽ ഇത് മൂന്നാഴ്ച്ചകളോളം നീണ്ടുനിൽക്കാനിടയുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു.