ന്യൂഡൽഹി : മൃഗങ്ങളുടെ പേരിലും വർഗീയത തലപൊക്കിയപ്പോഴും അവരിലെ പ്രണയത്തിന് ഒന്നും സംഭവിച്ചില്ല. അവർ പ്രണയിച്ചു കൊണ്ടേയിരുന്നു. പുറത്തുള്ള വിവാദ ചൂടുകൾ അവരെ ബാധിച്ചില്ല. അക്ബറിന്റെയും സീതയുടെയും പ്രണയത്തിനും ശൗര്യത്തിനും ഒട്ടും കോട്ടം തട്ടാതെ അനുസ്യൂതമാകുന്നു. അക്ബറും സീതയും എന്ന സിംഹങ്ങളുടെ പേരുകൾ വിവാദമായ സാഹചര്യത്തിൽ പുതിയ പേരുകൾ നിർദ്ദേശിച്ച് ബംഗാൾ സർക്കാർ. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതയ്ക്ക് തനായ എന്നുമാണ് ശുപാർശചെയ്‌തിരിക്കുന്ന പേരുകൾ. ശുപാർശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാൾ സർക്കാർ കൈമാറി.
കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ സിംഹം ഔദ്യോഗിക രേഖകളിൽ സൂരജ് എന്നായിരിക്കും അറിയപ്പെടുക. പെൺസിംഹത്തിന്റെ പേര് തനായ എന്നുമാകും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാൽ ഈ സിംഹങ്ങൾ ജന്മംനൽകുന്ന സിംഹക്കുട്ടികളുടെ രക്ഷകർത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാൽ, ഈ ശുപാർശ നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങൾക്ക് ഡിജിറ്റൽ പേരുകൾ നൽകാനും അധികാരം ഉണ്ട്.