നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ പിടിയിൽ

Written by Taniniram Desk

Published on:

തൃശൂര്‍: സിനിമാതാരം ഗൗതമിയുടെ 25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്നും പിടികൂടിയതായി സൂചന. തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ ആർച്ച, മകൻ ശിവ, മകന്‍റെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്നാട് പൊലീസ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. തമിഴ്നാട് ഡി.വൈ.എസ്.പി ജോൺ വിറ്ററിന്‍റെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘം ചൂണ്ടൽ എഴുത്തുപുരക്കൽ ബിൽഡിങ്ങിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കുന്നംകുളത്ത് പ്രതികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ പരാതി നല്‍കിയിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പൊലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരിൽനിന്ന് മൊഴിയെടുത്തിരുന്നു. തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി പരാതിയില്‍ വിശദീകരിക്കുന്നു. 46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും സമീപിച്ചതെന്ന് ഗൗതമി പറയുന്നു

Related News

Related News

Leave a Comment