ഭുവനേശ്വർ : ക്ഷേത്രത്തിലുള്ളിൽ യൂട്യൂബർ പ്രവേശിച്ചതിനെ വിവാദമാക്കി ബിജപി. ഒഡിഷ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ യൂട്യൂബറായ കാമിയ ജാനി പ്രവേശിച്ചതിനെയാണ് ബിജെപി വിവാദമാക്കിയത്. യൂട്യൂബർ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നും അങ്ങനെ ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നുമെന്നാണ് ബിജെപിയുടെ ആരോപണം. സെക്ഷൻ 295 പ്രകാരം കാമിയ ജാനിയെ അറസ്റ്റ് ചെയ്യണമെന്ന് ഒഡിഷ ബിജെപി സെക്രട്ടറി ജതിൻ മൊഹാന്തി പറഞ്ഞു. കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് നടന്നതെന്നും അതിനാൽ കേസെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ വിശ്വസ്തൻ വി കെ പാണ്ഡ്യനുമായി സംസാരിക്കുന്നതിന്റെ വീഡിയോ കാമിയ ജാനി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നത്. ക്ഷേത്രപരിസരത്ത് കാമറ ഉപയോഗിക്കരുതെന്നാണ് നിയമമെന്നും എന്നാൽ കാമിയ ഇത് ലംഘിച്ചുവെന്നും ബിജെപി നേതാക്കൾ പറയുന്നു. മുമ്പ് ബീഫ് കഴിക്കുന്ന വീഡിയോ കാമിയ ജാനി പങ്കുവച്ചിരുന്നെന്നും ബീഫ് കഴിക്കുന്നവരെ ഒരു കാരണവശാലും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലയെന്നുമാണ് ജതിൻ മൊഹാന്തിയുടെ വാദം. അതിനാൽ തന്നെ യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ബിജെപി നേതൃത്വം പറഞ്ഞു.