ഈ വർഷത്തെ ആദ്യത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട്; പൊങ്കൽ കെങ്കേമമാക്കാൻ ഒരുങ്ങി ജനങ്ങൾ

Written by Taniniram Desk

Published on:

ഈ വർഷത്തെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള അവധികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ആറ് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചത്. പൊങ്കൽ ദിവസമായ ജനുവരി 14 ചൊവ്വാഴ്ച മുതൽ 19 ഞായറാഴ്ചവരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.

പൊങ്കൽ ദിവസമായ ജനുവരി പതിനാലിന് തമിഴ്നാട്ടിൽ അവധിയാണ്. സർക്കാർ ജീവനക്കാരും വിദ്യാർഥികളും പൊങ്കൽ ആഘോഷത്തിനായി സ്വന്തം നാടുകളിലേക്ക് പോകുന്ന സാഹചര്യം കണക്കിലെടുത്ത് 15, 16, 17, 18, 19 തീയതികളിലും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. 18ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 18 (ശനി), 19 (ഞായർ) വാരാന്ത്യ അവധി കൂടി എത്തുന്നതോടെയാണ് ആറ് ദിവസത്തെ അവധി ലഭ്യമായത്.

എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ജനുവരി 17 വെള്ളിയാഴ്ച മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അവധി പ്രഖ്യാപിച്ചു. പകരമായി ജനുവരി 25 (ശനി) പ്രവൃത്തി ദിവസമായിരിക്കും. പൊങ്കൽ പ്രമാണിച്ച് ആളുകൾക്ക് ജന്മനാട്ടിൽ പോകുന്നതിനും അവിടെ കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായിട്ടാണ് വെള്ളിയാഴ്ച അവധി നൽകിയത്.അധ്യാപക സംഘടനകളും ജീവനക്കാരുടെ സംഘടനകളും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് അവധി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. അവധി സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രാദേശിക അവധിക്ക് സാധ്യതയുണ്ട്. തമിഴ്നാടുമായി ചേർന്നുകിടക്കുന്ന ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് കഴിഞ്ഞവർഷം അവധി പ്രഖ്യാപിച്ചിരുന്നു. 2025ലെ പൊങ്കൽ ദിവസമായ ജനുവരി 14ന് ഈ ജില്ലകളിൽ അവധി പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. തമിഴ്നാട്ടിൽ നിന്നുള്ള നിരവധിയാളുകൾ ഈ മേഖലകളിൽ ജോലി ചെയ്യുന്നതിനാലാണ് അവധി നൽകുന്നത്. മലയാളികളുടെ ഉത്സവമായ ഓണത്തിന് സമാനമായ പൊങ്കൽ തമിഴ്നാടിൻ്റെ പ്രധാന ആഘോഷമാണ്.

See also  പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം

Leave a Comment