Written by Taniniram Desk

Updated on:

രാജസ്ഥാനിൽ (Rajasthan) ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 200 മണ്ഡലങ്ങളിൽ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തിരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടർമാർക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് (Ashok Gehlot) ജോധ് പൂരിലെ സർദാർ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝൽറാ പതാനിലും വോട്ട് രേഖപ്പെടുത്തും.

അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം അഞ്ച് വർഷം കൂടുമ്പോൾ പാർട്ടികൾ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യം നിലനിർത്താനുള്ള നീക്കത്തിലാണ് ബിജെപി. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടുന്നതിലാണ് പ്രചാരണ വേളയിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം സംസ്ഥാനത്തെ അഴിമതി, ക്രമസമാധാന പ്രശ്‌നങ്ങൾ, കോൺഗ്രസിനുള്ളിലെ ചേരിപ്പോർ എന്നിവ ആരോപിച്ചാണ് ബിജെപി പ്രചാരണത്തിനിറങ്ങിയത്.

ജാതി സർവേയും സ്ത്രീകൾക്ക് 10,000 രൂപ വാർഷിക ഓണറേറിയവും ഉൾപ്പെടെ ഏഴ് കാര്യങ്ങളിലാണ് രാജസ്ഥാനിലെ ജനങ്ങൾക്ക് കോൺഗ്രസ് ഉറപ്പ് നൽകിയിരിക്കുന്നത്. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, ചാണകം കിലോയ്ക്ക് രണ്ട് രൂപയ്ക്ക് വാങ്ങൽ, ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി 50 ലക്ഷം രൂപയായി വർധിപ്പിക്കുക, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ്/ടാബ്‌ലെറ്റ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് 15 ലക്ഷം രൂപ എന്നിവ കോൺഗ്രസ് വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

കർഷകർ, സ്ത്രീകൾ, വിദ്യാർത്ഥികൾ എന്നിവർക്കായി നിരവധി ക്ഷേമ നടപടികളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗോതമ്പിന്റെ മിനിമം താങ്ങുവില വർദ്ധനവ്, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം, ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരണം, പെൺമക്കളുള്ള കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയുടെ സേവിംഗ്‌സ് ബോണ്ടുകൾ, മികച്ച വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂട്ടി പദ്ധതി, സബ്‌സിഡി വർദ്ധനവ്, എൽപിജി ഗ്യാസ് 950 രൂപയിലേക്ക്, ടൂറിസം മേഖലയ്ക്ക് വാഗ്ദാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Related News

Related News

Leave a Comment