രജനികാന്തിന്റെ ‘ജയിലർ’, ദളപതി വിജയ്‌യുടെ ‘ലിയോ’, കമൽഹാസന്റെ ‘വിക്രം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ വിജയത്തോടെ തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായം സമീപകാലത്ത് വലിയ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഈ വിജയം പല ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെയും ഫീസ് കുതിച്ചുയരാൻ കാരണമായി.
430 കോടി രൂപയുടെ ആസ്തിയുള്ള രജനികാന്ത് തന്റെ സമീപകാല ചിത്രമായ ജയിലറിനു വേണ്ടി 110 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. അതേസമയം ബിഗിൽ, മാസ്റ്റർ, ബീസ്റ്റ് തുടങ്ങിയ ഹിറ്റുകളുടെ പിന്നാലെ എത്തിയ എത്തിയ ലിയോയ്ക്ക് വേണ്ടി ദളപതി വിജയ് 130 കോടി രൂപയാണ് ഫീസായി ഈടാക്കിയത്. വിക്രം എന്ന ചിത്രത്തിന്റെ വിജയത്തോടെ മാർക്കറ്റ് വാല്യൂ കുത്തനെ ഉയർന്ന കമൽഹാസൻ ഇന്ത്യൻ 2ന് 150 കോടി രൂപയാണ് ഫീസായി ആവശ്യപ്പെട്ടത് എന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, ദക്ഷിണേന്ത്യൻ സിനിമാലോകത്തെ കോടികൾ പ്രതിഫലം വാങ്ങുന്ന ഈ നടന്മാരെയെല്ലാം കടത്തിവെട്ടിയ ഒരു നടനുണ്ട്, ഏതാണ്ട് 3010 കോടി രൂപയാണ് ഈ താരത്തിന്റെ ആസ്തി. അത് ആരാണെന്നറിയേണ്ടേ?
തെലുങ്ക് താരമായ അക്കിനേനി നാഗാർജുനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ധനികനായ നടൻ എന്ന പദവി അലങ്കരിക്കുന്നത്. 3010 കോടി രൂപയാണ് നാഗാർജുനയുടെ ആസ്തി. നടൻ മാത്രമല്ല, നിർമാതാവ്, ടെലിവിഷൻ ഷോ അവതാരകൻ, സംരംഭകൻ എന്നീ നിലകളിലെല്ലാം തിളങ്ങുകയാണ് ഈ അറുപത്തിനാലുകാരൻ.
മൂന്ന് പതിറ്റാണ്ടുകളായി 100-ലധികം സിനിമകളിൽ നാഗാർജുന അഭിനയിച്ചു കഴിഞ്ഞു. ഒരു പ്രൊജക്റ്റിന് 9 മുതൽ 20 കോടി വരെയാണ് നാഗാർജുന പ്രതിഫലം ഈടാക്കുന്നത്. അഭിനയത്തിൽ നിന്നുള്ള വരുമാനത്തിന് പുറമേ, തന്റെ പ്രൊഡക്ഷൻ ബാനറായ അന്നപൂർണ സ്റ്റുഡിയോസിന് കീഴിൽ സിനിമകൾ നിർമ്മിക്കുന്നതിൽ നിന്നും അദ്ദേഹം ഗണ്യമായ വരുമാനം ഉണ്ടാക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ ഉടമയായി പ്രവർത്തിക്കുന്ന നാഗാർജുന ഇന്ത്യൻ സൂപ്പർ ലീഗിലും റിയൽ എസ്റ്റേറ്റിലും തന്റെ സമ്പത്ത് വിവേകപൂർവ്വം നിക്ഷേപിച്ചു. ഹൈദരാബാദിൽ ഒരു ഗ്രാൻഡ് കൺവെൻഷൻ സെന്ററും നാഗാർജുന സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ബ്രാൻഡുകളുടെ അംബാസിഡർ കൂടിയായ നാഗാർജുന പരസ്യങ്ങളിലൂടെയും അധികവരുമാനം നേടുന്നു.
ആഡംബര ജീവിതം നയിക്കുന്ന നാഗാർജുനയുടെ സ്വകാര്യ ശേഖരത്തിൽ വിലകൂടിയ വാഹനങ്ങൾ, ലക്ഷ്വറി വീടുകൾ, ഒരു സ്റ്റൈലിഷ് പ്രൈവറ്റ് ജെറ്റ് എന്നിവയും ഉൾപ്പെടുന്നു. ഹൈദരാബാദിലെ 45 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ്, ഹൈ എൻഡ് കാറുകളുടെ ആകർഷകമായ ശേഖരം, കോടികൾ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് എന്നിവയും നാഗാർജുനയുടെ ആസ്തികളിൽ ഉൾപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ നാഗാർജുനയ്ക്ക് തൊട്ടു പിന്നിലായി ദഗ്ഗുബതി വെങ്കിടേഷും ചിരഞ്ജീവിയുമുണ്ട്. വെങ്കിടേഷിന്റെ ആസ്തി 2200 കോടി രൂപയും ചിരഞ്ജീവിയുടേത് 1650 കോടി രൂപയുമാണ്. ജിക്യു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 1370 കോടി രൂപ ആസ്തിയുള്ള ചിരഞ്ജീവിയുടെ മകൻ രാം ചരൺ ആണ് നാലാം സ്ഥാനത്ത്.
ദളപതി വിജയ്, ജൂനിയർ എൻടിആർ, കമൽഹാസൻ, അല്ലു അർജുൻ തുടങ്ങിയ പ്രമുഖരും ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തിളങ്ങുന്ന സമ്പന്നരുടെ പട്ടികയിലുണ്ട്. കോടികൾ കിലുങ്ങുന്ന സിനിമാവ്യവസായത്തിലെ നിർണായകമായ സാന്നിധ്യമാണ് ഈ താരങ്ങളെല്ലാം തന്നെ. ഓരോ വിജയങ്ങളും താരങ്ങളുടെ പ്രതിഫലം കുതിച്ചുയരാൻ കാരണമാവുകയാണ്. മാത്രമല്ല, പരസ്യങ്ങൾ, മറ്റു ബിസിനസ്സുകൾ എന്നിവയിലും ശ്രദ്ധയൂന്നി തങ്ങളുടെ വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുകയാണ് ഈ താരങ്ങളെല്ലാം തന്നെ.