Tuesday, October 28, 2025
Home Blog Page 1291

പടക്കം പൊട്ടിക്കാൻ ഇനി രണ്ടു മണിക്കൂർ മാത്രം; ഉത്തരവിറക്കി സർക്കാർ

0

ദീപാവലി എന്ന് കേൾക്കുമ്പോഴേ പടക്കം പൊട്ടിക്കലാണ് ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്നത്.ദീപാവലി നാളിനു രണ്ടു ദിവസം മുമ്ബ് എങ്കിലും മിക്ക വീടുകളിലും പടക്കം പൊട്ടിച്ചു തുടങ്ങും. എന്നാൽ ഇപ്പോൾ അതിനൊരു നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ് .

ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്ന ഉത്തരവാണ് സർക്കാർ പുറത്തിറക്കിയത്. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചുമതല നൽകിയിട്ടുണ്ട്. കൂടാതെ ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം.

വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
‌അതേസമയം രാജ്യത്ത് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ദീപാവലി സമയത്തും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശം നൽകി.

സുരേഷ് ഗോപിക്ക് നോട്ടീസ്

0

മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിൻ്റെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില്‍ കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.

മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പിന്നീട് രംഗത്തെത്തിയിരുന്നു. ആ കുട്ടിക്ക് റോങ് ടെച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകരെ ഒന്നാകെ പരിഹസിച്ച് സുരേഷ് ഗോപി രംഗത്തെത്തി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.

തൊയ്ബ മുന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു.

0

പാകിസ്താനില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ലഷ്‌കറെ തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാന്‍ കൊല്ലപ്പെട്ടത്.

ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അക്രം. പാകിസ്താനിൽ നിരവധി ഇന്ത്യാവിരുദ്ധ പ്രസം​ഗങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്. 2018-2020 കാലഘട്ടങ്ങളില്‍ ലഷ്‌കറിന്റെ റിക്രൂട്ട്‌മെന്റ് സെല്‍ മേധാവിയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്. 2023 ഒക്ടോബറില്‍ പഠാന്‍കോട്ട്‌ ആക്രണണത്തിന്റെ സൂത്രധാരനായിരുന്ന ഷാഹിദ് ലത്തീഫും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിൽ വെച്ചായിരുന്നു ഇയാളും കൊല്ലപ്പെട്ടത്. സെപ്റ്റംബറില്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍മാരില്‍ ഒരാളായ അബു ഘാസിമും അജ്ഞാതന്റെ വെടിയേറ്റ് കൊലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ ഒരു പള്ളിയില്‍ വെച്ച് പോയിന്റ് ബ്ലാങ്കില്‍ ഖാസിമിന് വെടിയേല്‍ക്കുകയായിരുന്നു.

കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പ്: അപാകതയുണ്ടായെന്ന് ഹൈക്കോടതി

0

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി.

ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇ.ഡി

0

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഡിജിറ്റല്‍ കുറ്റപത്രത്തിന് അനുമതി തേടി ഇ.ഡി. 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാന്‍ 13 ലക്ഷം പേപ്പര്‍ വേണമെന്ന് ഇഡി. അനുമതി തേടി കലൂരിലെ പ്രത്യേക കോടതിയില്‍ ഇ.ഡി. അപേക്ഷ നല്‍കി.

റെയ്‌ഡിൽ വ്യാപക ക്രമക്കേട്

0

പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന റെയ്‌ഡിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ വനജയുടെ ഭാഗമായി വിജിലെൻസ് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന ആളുകളുടെ ക്ഷേമം, ഉന്നമനം എന്നിവ ലക്ഷ്യമിട്ടു നടപ്പിലാക്കിയ വിവിധ പദ്ധതികളിലാണ് ക്രമേക്കേട്‌ നടന്നിട്ടുള്ളത്. വിവിധ ജില്ലകളിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കൈയോടെ പിടികൂടിയത്. ഇതിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് , ഗർഭിണികൾക്കുള്ള ധന സഹായം കൂടാതെ കുടിവെള്ള പദ്ധതിപോലും കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും റെയ്‌ഡ്‌ ഉണ്ടാകുമെന്നാണ് സൂചന.

അയ്യൻ ആപ്പ് പുറത്തിറങ്ങി ; ഇനി സേവനങ്ങൾ ഞൊടിയിടയിൽ

0

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് സഹായമാകുന്ന തരത്തിൽ അയ്യൻ മൊബൈൽ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.
പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫൻ്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ആപ്പിലുൾപെടുത്തിയിട്ടുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൻ്റെ സമ്പന്നതയെ കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഇൻസ്റ്റാൾ ചെയ്യാവുന്ന ‘അയ്യൻ’ ആപ്പ് മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ലഭ്യമാണ്. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് ഡൗൺലോഡ് ചെയ്യാം.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി അടിയന്തര സഹായ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓൺലൈനിലും ഓഫ് ലൈനനിലും ആപ്പ് പ്രവർത്തിക്കും. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും.
കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ആപ്പ് പരമ്പരാഗത പാതകളിൽ എത്തിപ്പെടുന്ന അയ്യപ്പഭക്തർക്ക് സഹായകരമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എംപി സ്ഥാനം തെറിച്ചേക്കും

0

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം തെറിച്ചേക്കും. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ പാര്ലമെന്റ് എംപി കമ്മിറ്റിക്കു മുൻപിൽ പൊട്ടിത്തെറിച്ച മഹുവ മൊയ്ത്രയ്ക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി. കഴിഞ്ഞ ദിവസം എത്തിക്‌ കമ്മിറ്റ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന റിപ്പോർട്ട് അംഗീകരിക്കുകയും തുടർ നടപടികൾക്കായി റിപ്പോർട്ട് സഭാ അധ്യക്ഷന് കൈമാറുകയും ചെയ്തു.
വരുന്ന ശൈത്യകാല സമ്മേളനത്തിൽ വോട്ടെടുപ്പ് നടക്കും. നിലവിലെ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം നഷ്ടമാകാനാണ് സാധ്യത. പാർലമെന്റിൽ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്ശനങ്ങളാണ് മഹുവ മൊയ്ത്ര ഉന്നയിച്ചിരുന്നത്. ഒരുവേള അദാനിക്കെതിരെയും അവർ തിരിഞ്ഞിരുന്നു. ഏതായാലും പണം വാങ്ങി പാര്ലമെന്റ് ലോഗിനും പാസ്സ്‌വേർഡും വ്യവസായിയായ ദർശൻ ഹിരാനന്ദനക്കു ധര്മികതക്ക് എതിരായ നടപടിയാണ് വിലയിരുത്തുന്നത്. അതേസമയം എംപി സ്ഥാനം നഷ്ടമായാൽ മഹുവ മൊയ്ത്ര കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ട്രാന്‍സ്‌ജെന്‍ഡറിനും ഇനി മുതൽ മാമോദീസ സ്വീകരിക്കാം

0

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ഹോര്‍മോണ്‍ തെറാപ്പിയോ ലിംഗമാറ്റ ശസ്ത്രക്രിയയോ ചെയ്തവരാകട്ടെ അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നു മാര്‍പ്പാപ്പ വ്യക്തമാക്കി.
ഭിന്ന ലിംഗത്തിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ശക്തമായ നിലപാടാണ് മാര്‍പ്പാപ്പ സ്വീകരിച്ചത് എന്ന പ്രതികരണമാണ് ആഗോള തലത്തില്‍ ലഭിക്കുന്നത്.
മുന്‍പ് ഇത്തരത്തിലുള്ള മാമോദീസയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. മാമോദീസ, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ട്രാന്‍സ് വിഭാഗത്തില്‍പെട്ടവരെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.

പ്രായപൂര്‍ത്തിയായ ട്രാന്‍സ് വ്യക്തികള്‍ക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. സഭാ സമൂഹത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പരമായ വലിയ വിവാദങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പിച്ചതിന് ശേഷം ഇത്തരം നടപടിയെടുക്കേണ്ടത് എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശം നല്‍കി. വിവാഹങ്ങളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ പങ്കെടുക്കുന്നതിന് നിഷേധിക്കാന്‍ തക്കതായ കാരണമില്ലെന്നും മാര്‍പ്പാപ്പ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2015ലെ നിരീക്ഷണങ്ങളില്‍ നിന്ന് വിഭിന്നമാണ് നിലവിലെ നിര്‍ദ്ദേശം.

മുംബൈ പോലീസിന് നന്ദി പറഞ്ഞു സണ്ണി ലിയോൺ

0

തൻ്റെ സഹായിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യർഥന. വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്ന് അനുഷ്കയെ കാണാനില്ലെന്ന് മുംബൈ പൊലീസിന്റെയും ബിഎംസിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോൺ പറഞ്ഞു.

സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി. സണ്ണി തന്നെയാണ് പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘കണ്ടെത്തി…ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി!!. ദൈവം വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി’- സണ്ണി കുറിച്ചു.