Wednesday, October 29, 2025
Home Blog Page 1289

ദീപാവലിക്ക് ശ്രീരാമനെ സ്തുതിച്ച് മുസ്ലീം വനിതകള്‍

0

വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ശ്രീരാമനെ സ്തുതിച്ച് പാടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുക മാത്രമല്ല ഇസ്ലാം മതത്തിന്റെ വിശാലതയും പ്രതിഫലിപ്പിക്കുന്നുവെന്ന് നസ്‌നീന്‍ അന്‍സാരി ചൂണ്ടിക്കാട്ടി.

അനീതിയുടെ അന്ധകാരം രാമനാമത്തിന്റെ വെളിച്ചത്തില്‍ അപ്രത്യക്ഷമാകുന്നു. രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാാമനില്‍ നിന്ന് അകലുന്നവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു. പാലസ്തീനും ഇസ്രായേലും പരസ്പരം രക്തം ചൊരിയുകയാണ്. ഇരുകൂട്ടരും രാമന്റെ പാത പിന്തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും നസ്‌നീന്‍ അന്‍സാരി പറഞ്ഞു.

‘രാമരാജ്യത്തിന്’ മാത്രമേ ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാനാകൂ. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും അറബി സംസ്‌കാരത്തെ ഒരിക്കലും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ അവരുടെ പൂര്‍വ്വികരുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ അവര്‍ ബഹുമാനിക്കപ്പെടൂ-നസ്‌നീന്‍ അന്‍സാരി നിലപാട് വ്യക്തമാക്കി.

സൽമാൻ ഖാൻ്റെ മാസ് ചിത്രം; നെഞ്ചിലേറ്റി ആരാധകർ….

0

ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയതാണ് സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ടൈ​ഗറിന് നൽകിയത്. പക്ഷേ ഇതിൽ ചിലത് കൈവിട്ട് പോവുകയും ചെയ്തു. അങ്ങനെ ചില സംഭവങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്.

പ്രിയതാരത്തെ മാസ് ലുക്കിൽ സ്ക്രീനിൽ കണ്ടാൽ ആവേശം കൊള്ളുന്നവരാണ് ആരാധകർ. പക്ഷേ ടൈ​ഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു. സ്ക്രീനിൽ സൂപ്പർതാരം മാസ് കാണിക്കുമ്പോൾ മാലേ​ഗാവിലെ ആരാധകർ അതാഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. അക്ഷരാർത്ഥത്തിൽ തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം തന്നെയായിരുന്നു.

ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈ​ഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്.
ടൈ​ഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈ​ഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. അങ്കുർ ചൗധരിയുടേതാണ് സംഭാഷണങ്ങൾ. പ്രീതം സം​ഗീത സംവിധാനവും അനയ് ഓം ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിൻ്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ടൈ​ഗർ 3യുടെ നിർമാണം.

നെടുമ്പാശ്ശേരിയിൽ സ്വർണം പിടികൂടി.

0

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്

“കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും”ആമുഖം: മോഹൻലാൽ .

0

ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍.

അനന്തമായ വിനോദസഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവയ്ക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം; മന്ത്രി ചർച്ചക്ക് വിളിച്ചു

0

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്നാണ് ബസ് ഉടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍ ശുഭപ്രതീക്ഷ ഉണ്ടെന്നും, സ്വകാര്യ ബസ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനാ പ്രതിനിധികള്‍ സൂചിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ നിര്‍ദേശിച്ച സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങിയവ അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

ലാലേട്ടൻ്റെ സര്‍പ്രൈസ് വിസിറ്റ്; ‘കത്തനാർ’ സെറ്റിൽ

0

നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം വർധിച്ചിരിക്കുന്നു. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കു ആവേശമായി ചിത്രത്തിൻ്റെ സെറ്റില്‍ സൂപ്പര്‍താരം മോഹൻലാൽ സന്ദര്‍ശനത്തിനെത്തി

വളരെ അപൂർവമായാണ് മോഹൻലാൽ മറ്റ് സിനിമകളുടെ സെറ്റുകൾ സന്ദർശിക്കുന്നത്. ജയസൂര്യയും സംവിധായകൻ റോജിൻ തോമസും ക്യാമറാമാന്‍ നീല ഡികുഞ്ഞയും ഉൾപ്പടെയുള്ളവർക്ക് വലിയ ആവേശവും സന്തോഷവുമാണ് ഈ സന്ദര്‍ശനം നൽകിയത്. മലയാളത്തിലെ രണ്ട് ബിഗ് ബജറ്റ് സിനിമകളായ കത്തനാരിൻ്റെയും എംപുരാൻ്റെയും ചിത്രീകരണം ഒരേസമയം പുരോഗമിക്കുമ്പോൾ അതിലെ രണ്ട് നായകന്മാരുടെ കൂടിക്കാഴ്ചയായും ഈ നിമിഷങ്ങൾ മാറി.

സിനിമയ്ക്കു നൽകിയിരിക്കുന്ന ഡീറ്റൈലിംഗ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു. അതിനു വ്യക്തമായ മറുപടിയും അണിയറ പ്രവർത്തകർ നൽകുകയുണ്ടായി. ഗംഭീരമായിട്ടുണ്ട് സെറ്റ്, സിനിമയും ഗംഭീരമാകുമെന്ന് നിർമാതാവായ ഗോകുലം ഗോപാലനോട് ആശംസകൾ അദ്ദേഹം അറിയിച്ചു

പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈ……

0

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ് ചെന്നൈ സ്വദേശികൾ.
ചെന്നൈ നഗരത്തിൽ കൃത്യമായി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഐലൻഡ് ഗ്രൗണ്ടിലാണ് പ്രധാനമായും വില്പനയുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള പടക്കങ്ങൾ ഉൾക്കൊള്ളുന്ന ഗിഫ്റ്റ് പാക്കുകൾക്കാണ് ഈ തവണ കൂടുതൽ ആവശ്യക്കാർ.
നിർമ്മാണത്തിൽ പരിസ്ഥിതി സൗഹാർദ്ദ രാസവസ്തുക്കൾ ഉപയോഗിക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ആനുപാതികമായി പടക്കങ്ങളുടെയും വില വർധിച്ചു. മുൻവർഷത്തെതിനേക്കാൾ 25 ശതമാനം കുറവാണ് ഈ വർഷത്തെ വില്പന.
രാവിലെ 6 മുതൽ 7 വരെയും, രാത്രി 7 മുതൽ 8 വരെയുമാണ് തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ അനുമതി. ദീപാവലി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പടക്കങ്ങൾ. അതിനാൽ തന്നെ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ദീപാവലി ആഘോഷിക്കുകയാണ് ചെന്നൈ നിവാസികൾ.

തമിഴ്​നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം

0

തമിഴ്​നാട് : തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും സ്വകാര്യ ബസും ദേശീയ പാത 48ൽ വാണിയമ്പാടിയിൽ വച്ച് രാവിലെ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട സർക്കാർ ബസ് ബാരിക്കേഡ് തകര്‍ത്താണ് സ്വകാര്യ ബസിലിടിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ദീപാവലി അവധിക്ക് നാട്ടിലേക്കു പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

പത്ത് മിനിറ്റ് കൂടുമ്പോൾ ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു: ലോകാരോഗ്യസംഘടന തലവന്‍

0

ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്.

100ഓളം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗായയില്‍ ഒരാളും സുരക്ഷിതരല്ലെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അദ്ദേഹം അറിയിച്ചു. അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗാസയിലെ നാല് ആശുപത്രികള്‍ ഇസ്രായേല്‍ സേന വളഞ്ഞിരുന്നു. അല്‍ റന്‍തീസി കുട്ടികളുടെ ആശുപത്രി, അല്‍ നാസര്‍ ആശുപത്രി, സര്‍ക്കാര്‍ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതല്‍ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയിലേറെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ടെണ്ണവും പ്രവര്‍ത്തനം നിര്‍ത്തി. പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.