വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി.അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
മരിയാനെ ട്രംപ് ബാരിയെ അവർ താമസിച്ചിരുന്ന ഫിഫ്ത്ത് അവന്യൂ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്. 2019ൽ ഫെഡറൽ ജഡ്ജിയായി വിരമിച്ച മരിയാനെ, ട്രംപിന്റെ കടുത്ത വിമർശകയും കൂടിയാണ്.
1983-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി മരിയാനെ ട്രംപ് ബാരിയെ നിയമിച്ചു. പിന്നീട് ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായി,പിന്നീട് 2019-ൽ വിരമിച്ചു.
ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.
നേപ്പാളിലും ടിക് ടോക് നിരോധിച്ചു
കാഠ്മണ്ഡു (നേപ്പാള്‍): ഭാരതത്തിനും അഫ്ഗാനിസ്ഥാനും പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ച് നേപ്പാളും. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഇന്നലെ ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിൻ്റെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
സാമൂഹിക ഐക്യവും ഭദ്രതയും തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അതേസമയം നേപ്പാളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍. നേപ്പാളില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ടിക് ടോക്ക് സാമൂഹിക ഘടനയ്‌ക്ക് തന്നെ ഹാനികരമാവുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1,629 സൈബര്‍ ക്രൈം കേസുകളാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്, സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിരോധനം എപ്പോള്‍ മുതല്‍ നടപ്പാകുമെന്ന് വ്യക്തമല്ല.
നിലവില്‍ നേപ്പാളില്‍ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്കിലൂടെ ചൂതാട്ടവും വാതുവയ്പും പോലും നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അസഭ്യം വര്‍ധിക്കുന്നതിനാല്‍ നേപ്പാളിലെ പല മത സാംസ്‌കാരിക കേന്ദ്രങ്ങളും നേരത്തെതന്നെ ടിക് ടോക്ക് വീഡിയോ ചിത്രീകരണം നിരോധിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ ‘നോ ടിക് ടോക്ക്’ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2021ല്‍ ഭാരതവും 2022ല്‍ അഫ്ഗാനിസ്ഥാനും ടിക് ടോക്ക് നിരോധിച്ചിരുന്നു.
കാണിപ്പയ്യൂര്‍ മനയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ക്ക് പുനർജന്മമേകി.
കുന്നംകുളം: തച്ചു ശാസ്ത്രത്തിലും ജ്യോതിഷത്തിലും പ്രശസ്തമായ കാണിപ്പയ്യൂര്‍ മനയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന
പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. വേദം, വേദാന്തം, വ്യാകരണം, പുരാണം, ഇതിഹാസം, ജ്യോതിഷം, തച്ചുശാസ്ത്രം, വൈദ്യശാസ്ത്രം, ഉപനിഷത്ത് വിഭാഗങ്ങളിലായി 400 ഓളം
അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങള്‍ക്കാണ് ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍ജനിയേകുന്നത്.
മനയില്‍ സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള ഏഴായിരത്തോളം ഗ്രന്ഥങ്ങളുണ്ടെന്ന് ഗ്രന്ഥാലയത്തിന്റെ ചുമതലയുള്ള കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.
തൊട്ടാല്‍ പൊടിഞ്ഞു പോകുന്ന സ്ഥിതിയിലുള്ള താളിയോല ഗ്രന്ഥങ്ങള്‍ പോലും കാണിപ്പയ്യൂര്‍ മനയുടെ ഗ്രന്ഥശാലയില്‍ ഉണ്ടെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റിന്റെ കീഴില്‍ താളിയോല സംരക്ഷണവും ഡിജിറ്റല്‍ വല്‍ക്കരണവും നിര്‍വഹിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിലെ ഡോക്ടര്‍ വി.പ്രശാന്ത് പറഞ്ഞു.
പൊടി നീക്കി പ്രകൃതിദത്ത പുല്‍ത്തൈലം ഉപയോഗിച്ച് തുടച്ചുവൃത്തിയാക്കുന്ന ആദ്യഘട്ട ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. എഴുത്തിനു തെളിച്ചം കുറവുള്ള ഓലകളില്‍ പുല്‍ത്തൈലത്തിനൊപ്പം ചിരട്ടക്കരികലര്‍ത്തി വായനയ്‌ക്ക് സാധിക്കുന്ന വിധം ചെയ്ത ശേഷമാണ് സംരക്ഷണപ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ശേഷമാണ് ഓലകള്‍ സ്‌കാന്‍ ചെയ്യുക. സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും കൈമാറി കിട്ടിയതാണ് ഇപ്പോള്‍ ഗ്രന്ഥശാലയില്‍ ഉള്ളതെന്നും ഡിജിറ്റല്‍ രൂപത്തിലേക്ക് കൂടി ഇവ മാറുമ്പോള്‍ വരും തലമുറക്ക് മുതല്‍ക്കൂട്ടാവുമെന്നും പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാവിഭാഗം കുത്തഴിഞ്ഞ നിലയില്‍. ഡ്യൂട്ടിക്കിടയില്‍ ഉറക്കം തുടങ്ങി ഫോട്ടോഷൂട്ടിന് വരെ സെക്യൂരിറ്റി ഓഫീസ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരുമില്ലാത്ത സ്ഥിതിവിശേഷമാണ് സുരക്ഷാവിഭാഗത്തിലുള്ളതെന്നാണ് ആക്ഷേപം.
ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ ജീവനക്കാരന്റെ ഉറക്കം ചര്‍ച്ചയാവുകയാണ്. താത്കാലിക ട്രാഫിക് വാര്‍ഡന്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ രണ്ട് കസേര എടുത്തിട്ട് സുഖമായി ഉറങ്ങുന്നതാണ് ചിത്രം. കഴിഞ്ഞ 3ന് രാത്രി 11.30 നാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പുറത്ത് വന്നതോടെ സുരക്ഷാവിഭാഗത്തിന്റെ പ്രവര്‍ത്തനം ചോദ്യചിഹ്നമായിരിക്കുകയാണ്. ഇയാള്‍ ചിലപ്പോള്‍ ട്രാഫിക് വാര്‍ഡന്റെ വേഷത്തിലും മറ്റ് ചില സമയങ്ങളില്‍ സെക്യൂരിറ്റിയുടെ കാക്കി യൂണിഫോം ധരിച്ച് സെക്യൂരിറ്റി ഓഫീസ് ഡ്യൂട്ടി നോക്കുന്നതായും പറയുന്നു.
എങ്ങനെയാണ് ഒരു വ്യക്തി രണ്ട് യൂണിഫോം ധരിച്ച് രണ്ട് രീതിയില്‍ ഡ്യൂട്ടി നോക്കുന്നതെന്നത് ചോദ്യമുയരുകയാണ്. സെക്യൂരിറ്റി ഓഫീസറുടെ അറിവോടെയാണ് ഇത്തരം പ്രവൃത്തികളെന്നും പ്രചരിക്കുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ സെക്യൂരിറ്റി ഓഫീസിനുള്ളില്‍ കയറിയിരുന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും ആക്ഷേപത്തിന് വഴിയൊരുക്കി. മെഡിക്കല്‍ കോളജ് എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗമാണ് ഇയാള്‍. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായുള്ള സമരത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.
രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായിയായി മാറേണ്ടയിടമാണ് സെക്യൂരിറ്റി ഓഫീസ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ ആവശ്യത്തിനായി സെക്യൂരിറ്റി ഓഫീസിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ സെക്യൂരിറ്റി ജീവനക്കാരെ തെരഞ്ഞ് കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷമാണ്. താത്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. മുമ്പ് സാര്‍ജന്റുമാരാണ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സെക്യൂരിറ്റി ഓഫീസറുടെ പരിഷ്‌കരണ നടപടിയില്‍ സാര്‍ജന്റുമാരെ പുറം ഡ്യൂട്ടിയിലേക്ക് മാറ്റി പകരം സിപിഎം പാര്‍ട്ടി സ്വാധീനത്തിലുള്ള താത്കാലിക ജീവനക്കാരെ ഓഫീസ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു. സാര്‍ജന്റുമാര്‍ പുറത്തായതോടെ ഡ്രൈവര്‍മാര്‍ വരെ സെക്യൂരിറ്റി ഓഫീസില്‍ കയറിയിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.
വിജയകാന്തിൻ്റെ അവസ്ഥയോർത്തു ആരാധകർ….
ഒരു കാലത്ത് ജയലളിതയ്‌ക്കും കരുണാനിധിക്കും എതിരെയൊക്കെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ് വരെ ആയിരുന്ന ഒരു രാഷ്‌ട്രീയക്കാരൻ കൂടെയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്‌ട്രീയത്തിലും എംജിആറിൻ്റെ പകരക്കാരൻ എന്ന് തമിഴ്നാട് മുഴുവൻ ആരാധനയോടെ നോക്കികണ്ടിരുന്ന ഒരാൾ കൂടെയായിരുന്നു.പറഞ്ഞു വരുന്നത് സൂപ്പർ താരം വിജകാന്തിനെ കുറിച്ചാണ് . എന്നാൽ നടൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയിലാണ് അദ്ദേഹത്തിൻ്റെ ആരാധകർ .
മൂന്നു കാൽവിരലുകൾ നീക്കം ചെയ്ത വിജയകാന്തിൻ്റെ അവസ്ഥയിൽ സങ്കടത്തോടെ ആരാധകർ.വെള്ളിത്തിരയിൽ വിശേഷണങ്ങൾ ഒരുപാട് ഉണ്ടായിരുന്ന തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയിരുന്നു നടൻ വിജയകാന്ത്. സിനിമയിൽ മാത്രമല്ല രാഷ്‌ട്രീയത്തിലും മുൻനിരയിൽ തന്നെ വിജയകാന്ത്.
ആരാധകരിൽ വേദന പടർത്തുന്ന ഒരു ദീപാവലി ചിത്രമാണ് നടൻ വിജയകാന്തിൻ്റെതായി പുറത്തു വന്നിരിക്കുന്നത്. ഭാര്യയ്‌ക്കും രണ്ട് ആൺ മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവന്നിരിക്കുന്നത്. ദീപാവലി ദിവസം സിനിമാ മേഖലയിലെ പ്രമുഖർ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി തൻ്റെ വീട്ടിലെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് നടൻ വിജയകാന്തും ദീപാവലി ആശംസിച്ചു. എന്നാൽ ഫോട്ടോ കണ്ടവർ ഞെട്ടിയിരിക്കുകയാണ്.
പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സർജറി നടത്തി വിജയകാന്തിൻ്റെ മൂന്നു കാൽവിരലുകൾ നീക്കം ചെയ്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രമേഹം കൂടിയതിനാൽ ശരീരത്തിൻ്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആയിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്കും രാഷ്‌ട്രീയത്തിലേക്കും ശക്തമായി തങ്ങളുടെ പ്രീയപ്പെട്ട ക്യാപ്റ്റൻ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചവരെ സങ്കടപ്പെടുത്തുന്നതാണ് പുതിയ ചിത്രം. തീരെ അവശനിലയിൽ വിജയകാന്തിൻ്റെ കണ്ടതിൻ്റെ സങ്കടം മുഴുവൻ ആരാധകർ ഈ പുതിയ ചിത്രത്തിന് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.
കോൺഗ്രസിന് എതിരെ അമിത്ഷാ
വിദിശ (മധ്യപ്രദേശ്): കോണ്‍ഗ്രസിന് തന്നെ ഉറപ്പില്ല, പിന്നെ അവര്‍ ജനങ്ങള്‍ക്കെന്ത് ഉറപ്പ് നല്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ മുന്നണിക്കും കോണ്‍ഗ്രസിനും മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദിശയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന് അമിത്ഷാ.
പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിൻ്റെ കാലത്ത് അവരെത്ര പണം മധ്യപ്രദേശിന് നല്കിയെന്ന് കമല്‍നാഥിന് പറയാനാകുമോ? ഞാനൊരു വ്യാപാരിയാണ്, കണക്കും കൊണ്ടാണ് ഞാന്‍ വന്നത്. അവര്‍ തന്നത് വെറും രണ്ട് ലക്ഷം കോടി. മോദിജി ഒമ്പത് വര്‍ഷം കൊണ്ട് അത് ആറ് ലക്ഷം കോടിയാക്കി ഉയര്‍ത്തി. വിവിധ പദ്ധതികള്‍ക്കായി അഞ്ച് ലക്ഷം കോടി വേറെയും നല്കി.
ദരിദ്രരുടെ ക്ഷേമത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്, അവര്‍ ദാരിദ്ര്യം ഇല്ലാതാക്കിയില്ല, ദരിദ്രരെയാണ് ഇല്ലാതാക്കിയത്. മോദിജി ദരിദ്രര്‍ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചു, മധ്യപ്രദേശില്‍ മാത്രം 93 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 6000 രൂപ വീതം അയച്ചു. ഇനിയും അധികാരത്തില്‍ വന്നാല്‍ അത് 12000 രൂപയായി വര്‍ധിപ്പിക്കും. 65 ലക്ഷം പാവപ്പെട്ടവരുടെ വീടുകളില്‍ ടാപ്പ് വെള്ളം വിതരണം ചെയ്തു. ആയുഷ്മാന്‍ ഭാരതിലൂടെ മൂന്ന് കോടി 70 ലക്ഷം പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യമായി നല്‍കുന്നു. ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ അത് 10 ലക്ഷം രൂപയായി മാറും, അമിത് ഷാ പറഞ്ഞു.
പതിനൊന്നാം സ്ഥാനത്തായിരുന്ന രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ അഞ്ചാം സ്ഥാനത്തെത്തിച്ചത് നരേന്ദ്ര മോദിയാണ്. അദ്ദേഹം ലോകമെമ്പാടുമുള്ള രാഷ്‌ട്രത്തലവന്മാരെ ഇവിടെ കൊണ്ടുവന്നു, ഡെല്‍ഹി പ്രഖ്യാപനത്തിലൂടെ ലോകത്തില്‍ ഭാരതത്തിൻ്റെ നയതന്ത്രപതാക ഉയര്‍ത്തി. പാര്‍ലമെന്റിൽ വനിതാ സംവരണം ഉറപ്പാക്കി, അമിത് ഷാ ചൂണ്ടിക്കാട്ടി.
ആദ്യ സെമിയിൽ നാളെ ഇന്ത്യ – ന്യൂസിലാൻഡ്
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് കളിയില്ല. ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരവും കഴിഞ്ഞു. ഇനി കിരീട പോരാട്ടത്തിന് രണ്ട് കളികള്‍ മാത്രം. നാളെ മുംബൈയിലും മറ്റന്നാള്‍ കൊല്‍ക്കത്തിയിലുമായി സെമി ഫൈനല്‍. അതുകഴിഞ്ഞാല്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഈ ലോകകപ്പിന്റെ കൊട്ടിക്കലാശം. ആരായിരിക്കും കപ്പുയര്‍ത്തുക. ആതിഥേയരായ ഭാരതമോ, കരുത്തരായ ദക്ഷിണാഫ്രിക്കയോ, ഓസ്‌ട്രേലിയയോ, ന്യൂസിലാന്‍ഡോ? ഉത്തരത്തിനുള്ള കാത്തിരിപ്പാണിനി.
ഭാരതം ന്യൂസിലാന്‍ഡിനെ നേരിടും. 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.പ്രാഥമിക റൗണ്ടില്‍ കളിച്ച ഒമ്പത് കളികളും ആധികാരികമായി ജയിച്ചാണ് ഭാരതം ഒന്നാമന്മാരായി സെമിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്ക് മുന്നേറിയത്. കളിച്ച ഒമ്പതില്‍ ഏഴും വിജയിച്ചപ്പോള്‍ രണ്ടില്‍ തോറ്റു. ഭാരതത്തോടും താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനോടുമായിരുന്നു അവരുടെ തോല്‍വി.
മൂന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ അവസാന നാലിലേക്കുള്ള മുന്നേറ്റം.
ആദ്യ രണ്ട് കളികളില്‍ ഭാരതത്തോടും ദക്ഷിണാഫ്രിക്കയോടും തോറ്റശേഷം ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന അവര്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയാണ് സെമിയിലേക്ക് എത്തിയത്. നാലാം സ്ഥാനം നേടി ന്യൂസിലാന്‍ഡ് അവസാന നാലില്‍ കടക്കുകയായിരുന്നു. ഒന്‍പത് കളികളില്‍ അഞ്ച് വിജയവും നാല് പരാജയവുമാണ് അവര്‍ക്ക്.
കൊടുംക്രൂരതയ്ക്ക് തൂക്ക് കയര്‍
ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ജലജയുടെ മകൾ ദേവി നായികയായി വേഷമിടുന്നു ‘ഹൗഡിനിയിൽ’
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിൻ്റെ നായികയായിരുന്ന ജലജയുടെ മകൾ ദേവിയാണ്. ശാലീന സുന്ദരിയായിരുന്ന .ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു.ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.” ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; ” എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.

ഹൗഡിനി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു, അതേ ചിത്രത്തിൽത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിക്കുന്നു .
മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു ദേവി.
ഹൗഡിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണമിതായിരുന്നു. കുറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്.ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയാണ് മീന എന്ന കഥാപാത്രം. നന്ദൻ്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു’
അഭിനയസിദ്ധിയും, ആകാര സൗഷ്ട’വും കൊണ്ട് അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.

മെട്രോ എക്സ്പീരിയൻസ് സെന്റർ യാത്രക്കാർക്കു പുതിയ അനുഭവം ; ലോക്നാഥ് ബെഹ്‌റ
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ മെട്രോ കണക്ട് എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. ഇന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷൻ സമീപത്തായി ആണ് മെട്രോ കണക്ട് എക്സ്പീരിയൻസ് സെൻ്റർ.
മെട്രോയുടെ യാത്രാ പാസുകള്‍, വിവിധ പദ്ധതികള്‍, മെട്രോ സ്‌റ്റേഷനുകളിലെ വിവിധ പരിപാടികള്‍ തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം എക്‌സ്പീരിയന്‍സ് സെന്റര്‍ വഴി അറിയാന്‍ കഴിയും.