Friday, May 9, 2025
Home Blog Page 1150

സധൈര്യം മുന്നോട്ടു തന്നെ…

0

തനിക്ക് വീടും ഭൂമിയുമുണ്ടെന്ന ദേശാഭിമാനിയുടെ വാര്‍ത്തയ്‌ക്കെതിരെ മറിയക്കുട്ടി കോടതിയിലേക്ക്. പെന്‍ഷന്‍ വിതരണം നിര്‍ത്തിവെച്ചതിനെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നുണ്ട്. പെന്‍ഷന്‍ മുടങ്ങി ജീവിക്കാന്‍ വഴിയില്ലാതെ ആയതോടെയാണ് മറിയക്കുട്ടി മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ചത്. എന്നാല്‍ ഇതിനെതിരെ സിപിഎമ്മും ദേശാഭിമാനിയും വ്യാജ വാര്‍ത്ത നല്‍കി. ഇത് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെയാണ് മറിയക്കുട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്.

വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ അടിമാലി കോടതിയിലാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുക. പെന്‍ഷന്‍ വിതരണത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നുണ്ട്. തനിക്ക് വീടും ഭൂമിയുമുണ്ടെന്ന തരത്തില്‍ നേരിടേണ്ടി വന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ദേശാഭിമാനി പിശക് പറ്റിയതാണെന്ന് പറഞ്ഞ് വാര്‍ത്ത തിരുത്തിയെങ്കിലും ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് മറിയക്കുട്ടി അറിയിക്കുകയായിരുന്നു

സേവനം തോന്നുംപടി;ജനങ്ങളെ സേവിക്കാനുള്ള സമയം പാഴാക്കുന്നു…

0

(തുടരുന്നു)

ഗ്രാമസേവകരായ സർക്കാർ ജീവനക്കാർ ജനഹിതത്തിനെതിരെ നിലകൊണ്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ജനങ്ങളുടെ ക്ഷേമം അതുറപ്പിക്കേണ്ടത് തെരെഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ കടമ സർക്കാർ നടപ്പിലാക്കുന്നത് സർക്കാർ ജീവനക്കാരിലൂടെയാണ് . സേവകരായി നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നുണ്ടോ?? ക്ഷേമ പദ്ധതികൾ യഥാസമയം ജനങ്ങളിൽ എത്തിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്താറുണ്ട്. ഇതിനു തടസ്സമായി പലകാര്യങ്ങളും അവർ നിരത്തിയേക്കാം. എന്നാൽ ഇതൊന്നും തങ്ങളുടെ ഉത്തരവാദത്തിൽ നിന്ന് മാറി നിൽക്കാനുള്ള കാരണമേയല്ല.
അതേസമയം ജീവനക്കാർക്ക് ജനസേവനത്തിനായി ലഭിച്ചിട്ടുള്ള 8 മണിക്കൂർ സമയം അത് ‘വേണ്ടവിധത്തിൽ പ്രയോഗിച്ചാൽ മാത്രം മതി എല്ലാം ശരിയാകും’. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വി.ഇ.ഒ.മാരുടെ കെടുകാര്യസ്ഥതയിൽ തട്ടി തകർന്നടിയുന്നത് ജീവിതങ്ങളാണ്. ഓരോ ഫയലും ഓരോ ജീവിതമെന്ന ഓർമ പെടുത്തലുകൾ വന്നു തറക്കുന്നത് നിങ്ങളിലേക്കാണ്. ആ വാക്കുകളിൽ നിഴലിക്കുന്നത് ജനങ്ങളുടെ കണ്ണീരാണ്. അത് കാണാതെ പോകരുത്.
(തുടരും)

അമിത ജോലിഭാരം; എസ്.ഐ സ്വയം വിരമിച്ചു.

0

തൃശ്ശൂർ : പോലീസ് സേനയിലെ കനത്ത സമ്മർദവും ജോലിഭാരവും താങ്ങാനാകാതെ ജില്ലയിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 65 പേരോളം. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച സബ് ഇൻസ്‌പെക്ടറുടെ അപേക്ഷ കഴിഞ്ഞ ദിവസം കമ്മിഷണർ അംഗീകരിച്ചു. 26 വർഷത്തെ സേവനമുള്ള ഇദ്ദേഹത്തിന് വിരമിക്കാൻ ഏതാനും വർഷമാണ് ബാക്കിയുണ്ടായിരുന്നത്. വ്യക്തിപരമായ ആവശ്യം മുൻ നിർത്തിയെന്നു വ്യക്തമാക്കി സമർപ്പിച്ച അപേക്ഷ അംഗീകരിച്ചതോടെ ഈ മാസം 30 നു വിരമിക്കും

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി.

0

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ അർഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിൽ വിഷമത്തിലായിരുന്നുവെന്ന് മകൾ സൌമ്യ പറഞ്ഞു.ഭാര്യ കനകമ്മ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് 71 കാരനായ സുബ്രഹ്മണ്യൻ തൂങ്ങിമരിച്ചത്. സ്വന്തം സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിന്റെയും വീടില്ലാത്തതിന്റയും ക്യാൻസർ രോഗ ബാധയുടെയും വിഷമങ്ങളിലായിരുന്നു സുബ്രഹ്മണ്യൻ. അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നു. അതിൽ കൃഷി ചെയ്തുള്ള ആദയം ആയിരുന്നു വരുമാന മാർഗം. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ അവിടെ ജീവിക്കാൻ വയ്യാതായി. രണ്ടര വർഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു. നാട്ടുകാർ ഒരുക്കി കൊടുത്ത വാടക വീട്ടിലായി താമസം. വരുമാനവും നിലച്ചു.

ചികിത്സ വേണ്ടി വന്നതോടെ നാല് ലക്ഷത്തോളം ബാധ്യതയുമായി. വാർദ്ധക്യ പെൻഷനും ഭാര്യയുടെ തൊഴിലുറപ്പ് വരുമാനവും മാത്രമായിരുന്നു ആശ്രയം. വീടിന് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും രണ്ടേക്കർ സ്ഥലം ഉള്ളതിനാൽ അർഹതയുണ്ടായില്ല. താമസിക്കുന്ന വാടക വീടിന്റെ അറ്റകുറ്റപ്പണി ഉള്ളതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വരുമെന്ന് വീട്ടുടമ അറിയിച്ചിരുന്നു. മറ്റൊരു വീടും നാട്ടുകാർ ക്രമീകരിച്ചിരുന്നു. ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് എത്തുമ്പോൾ നൽകാൻ ഒരു സങ്കട ഹർജി സുബ്രഹ്മണ്യൻ തയ്യാറാക്കിയത് വീട്ടിലുണ്ട്. സ്ഥലം ഉപയോഗ ശൂന്യമായതും വീട് കിട്ടാൻ തടസ്സം നീക്കണമെന്നും മകളെക്കൊണ്ട് എഴുതിച്ച അപേക്ഷയിലുണ്ട്

പൊരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്

0

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡാമിലെ ജലനിരപ്പ് 422 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.

ഗുരുവായൂർ ഏകാദശി; പ്രാദേശിക അവധി 23ന്

0

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിൽ അവധി. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. മുൻപ് നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.

ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ്

0

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഈ വർഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ‘മിദ്‌ഹിലി’. ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപവും കന്യാകുമാരി തീരത്തിന് സമീപവും ചക്രവാതച്ചുഴികളും രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്ന് മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

യുവമോർച്ച ഭാരവാഹി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്.

0

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ ജയിച്ച്‌ യുവ മോർച്ച ഏരിയ പ്രസിഡന്റും, തിരുവല്ലം ഏരിയ പ്രസിഡന്റ് എം. ഗിരീഷാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി വിജയിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ശേഷമാണ് ഗിരീഷ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയത്

ആദ്യ പ്രതിഫലം 50 രൂപ; ഇന്ന് ആസ്തി 770 ദശലക്ഷം ഡോളർ..

0

ബോളീവുഡിന്റെ രാജാവ് തന്നെയാണ് കിങ്ങ് ഖാൻ എന്നു വിളിക്കപ്പെടുന്ന ഷാരൂഖ് ഖാൻ. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എക്കാലത്തെയും മികച്ച നടൻ. 50 രൂപ പ്രതിഫലത്തിൽ നിന്ന് സ്വന്തം കഠിനാധ്വാനവും പ്രയത്നവും കൊണ്ട് അദ്ദേഹം നേടിയെടുത്ത ഓരോ നേട്ടവും ഏതൊരാൾക്കും സ്വപ്നം കാണാനും അതു പടുത്തുയർത്താനും അത്മവിശ്വാസം നൽകുന്നതാണ്.

ആയിരം കോടി രൂപക്ക് മുകളിലാണ് ഷാരൂഖിന്റെ അവസാനമിറങ്ങിയ രണ്ടു ചിത്രങ്ങളും കളക്റ്റ് ചെയ്തത്. കുറച്ചേറെ വർഷങ്ങളായി കൂടുതലും പരാജയം നേരിടേണ്ടി വന്ന ബോളിവുഡ് ചിത്രങ്ങൾക്കിടയിൽ പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാരൂഖ് ഈ നേട്ടം കൈവരിച്ചത് താരത്തിന്റെ കഴിവിനൊപ്പം ആ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണ്. ലോകത്തിലെ ഏറ്റവും ധനികരായ സെലിബ്രിറ്റികളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. 770 ദശലക്ഷം ഡോളർ ആസ്തിയുള്ള ഷാരൂഖ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൂടതെ ഐ‌പി‌എൽ ഫ്രാഞ്ചൈസി മുതൽ മുംബൈയിൽ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന മന്നത്ത് എന്ന മാൻഷൻ വരെ ഷാരൂഖ് തന്റെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളാണ്.

മുംബൈയുടെ ഹൃദയ ഭാഗത്താണ് ഷാരൂഖ് ഖാന്റെ ആഢംബര വീടായ മന്നത്ത് സ്ഥിതിചെയ്യുന്നത്. 2001ൽ 13.32 കോടി രൂപയ്ക്ക് വാങ്ങിയ വീടിന്റെ ഇന്നത്തെ മൂല്യം ഏകദേശം 200 കോടി രൂപക്ക് മുകളിലാണ്. ഗൗരി ഖാൻ, ആർക്കിടെക്റ്റായ ഡിസൈനർ കൈഫ് ഫക്വിഹുമായി ചേർന്ന് രൂപകൽപ്പന ചെയ്ത മന്നത്തിൽ,നിരവധി കിടപ്പുമുറികളും ലിവിംഗ് ഏരിയകളും, ജിംനേഷ്യം, വാക്ക്-ഇൻ വാർഡ്രോബ്, ലൈബ്രറി, വ്യക്തിഗത ഓഡിറ്റോറിയം എന്നിവയുൾപ്പെടെ ഏറെ ആഢംബര സൗകര്യങ്ങളുണ്ട്.

വയനാടിന് പൊൻതിളക്കമേകി ലിൻസി കുര്യാക്കോസ്

0

“പ്രസംഗിക്കാനൊന്നുമറിയില്ല ഓടാൻ മാത്രമേ എനിക്കറിയൂ…” ദുബായിൽ വച്ച് നടന്ന പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാന നേട്ടം കൊയ്ത ലിൻസി കുര്യാക്കോസിന്റെ തീർത്തും നിഷ്കളങ്കമായ വാക്കുകളാണിത്. ലോങ് ജംപ്, ഹൈജംപ്,100 മീ ഓട്ടം എന്നീ മത്സരഇനങ്ങളിൽ സ്വർണ്ണ മെഡലും 200 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയാണ് ലിൻസി സുന്ദരനേട്ടം കൊയ്തത്.

വയനാട് ജില്ലയിലെ ബത്തേരി കല്ലുമുക്ക് സ്വദേശിനിയാണ് ലിൻസി. ചെറുപ്പം മുതൽക്കുതന്നെ കായിക മത്സരങ്ങളോടുള്ള അതിയായ താല്പര്യം കാരണം പല തടസ്സങ്ങളും അതിജീവിച്ചു കൊണ്ട്, ദിവസവും രണ്ട് കിലോമീറ്ററോളം നടന്നാണ് സ്ക്കൂൾ പഠനം പൂർത്തിയാക്കിയത്. കേരളോത്സവം, പഞ്ചായത്ത് തല മത്സരങ്ങൾ, അയൽക്കൂട്ടം പരിപാടികൾ എന്നിങ്ങനെ ലഭിച്ച ചെറുതും വലുതുമായ അവസരങ്ങളിലെല്ലാം ലിൻസി തന്റെ കായികമായ കഴിവ് തെളിയിച്ചു.

ജീവിതത്തിരക്കുകൾക്കിടയിൽ തനിവീട്ടമ്മയായി മാറുകയും താൻ ഏറെ സ്നേഹിച്ചിരുന്ന സ്പോർട്സിനെ മാറ്റിവയ്ക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ നാല് കുട്ടികളുടെ അമ്മയായി. എങ്കിലും ലിൻസിയുടെ മനസ്സ് സാഹസികമായ പുതിയ മേഖലകൾ തേടിക്കൊണ്ടിരുന്നു. വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള ഇഷ്ടവും, ഡ്രൈവറായ ഭർത്താവ് അജിയുടെ പിന്തുണയും കൊണ്ട് ഹെവി വെഹിക്കിൾ ലൈസൻസ് എടുത്തായിരുന്നു ലിൻസിയുടെ അടുത്ത ചുവട് വയ്പ്പ്. പരിശീലനത്തിന് ഒട്ടും സമയം കിട്ടാതിരുന്ന നാളുകളിലും മകളെ അംഗനവാടിയിൽ വിട്ട് തിരിച്ചു വരുമ്പോൾ കയറ്റങ്ങൾ വളരെ വേഗതയോടെ ചാടിക്കയറുന്നത് ശീലമാക്കി. സ്ക്കൂൾ പഠനകാലത്തെ പരിശീലകരായ ശ്രീജിത്ത് മാഷും, ലൂക്കോമാഷും എല്ലാ പിൻതുണയും നൽകി. ഇത്തരത്തിലുള്ള പരിശീലനവഴികൾ മഹാരാഷ്ട്ര നാസിക്കിൽ വച്ച് നടന്ന ഹൈജംപ്, ലോങ് ജംപ് 100 മീ. 200 മീ ഓട്ടം എന്നിവയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ലിൻസിയെ പ്രാപ്തയാക്കി. തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 100, 200മീറ്ററിലും , 4×400 റിലേയിലും സ്വർണ്ണ മെഡൽ നേടി.

സൗത്ത് കൊറിയയിൽ വച്ച് നടന്ന ഏഷ്യ പസഫിക് ഗെയിംസിൽ 200 മീ. അത്‌ലറ്റിക്കിൽ വെള്ളി മെഡൽ നേടിയതോടെയാണ് ലിൻസിയുടെ ജീവിതത്തിന്റെ ഗതി മാറുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക പിന്തുണയിലാണ് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്തത്. തുടർന്ന് NITC ഇന്ത്യയുടെ പതിനഞ്ചാമത് ബ്രാഞ്ചായ വയനാട് സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെ ഉത്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ചെയർമാൻ ശ്രീ. കെ.പി മനോജ് കുമാർ ക്യാഷ് അവാർഡും സുസ്ഥിര വരുമാനവും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനവും നൽകി. അവിടെ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് ദുബായിയിൽ വച്ച് നടന്ന ആദ്യ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ലിൻസിയെ പ്രേരിപ്പിച്ചത്. ഇനി അമേരിക്കയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പാണ് ലിൻസിയുടെ അടുത്ത ലക്ഷ്യം.

പുരസ്കാരങ്ങളുടെ നിറവിലും അഭിനന്ദന പ്രവാഹങ്ങളുടെ അനസ്യൂതമായ ഒഴുക്കിലും വളരെ തിരക്കിലാണ് ലിൻസി. എങ്കിലും ഈ വിജയത്തിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ ലിൻസിയ്ക്ക് പറയാനുള്ള മറുപടി ഇങ്ങനെയാണ് – “അത് അജി ചേട്ടായിയേയും മക്കളേയും കൂട്ടുപിടിച്ച് ആന, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള നിരന്തരമായ പരിശീലനം തന്ന ആത്മധൈര്യവും, പിന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയും…”