രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമായി ആറ്റിങ്ങല്‍ നഗരസഭ
ആറ്റിങ്ങല്‍ നഗരസഭ ഇനി മുതല്‍ സമ്പൂര്‍ണ്ണ വലിച്ചെറിയല്‍ മുക്ത നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമാകുന്ന നഗരസഭ ആറ്റിങ്ങലാണെന്ന് കളക്ടര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നഗരസഭയിലെ ഹരിത കര്‍മ സേന അംഗങ്ങളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. നഗരസഭ പരിധിയിലെ അതിദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള സൗജന്യ പഠനക്കിറ്റ് വിതരണവും കളക്ടര്‍ നിര്‍വഹിച്ചു.
പ്രഖ്യാപനത്തോടനുബന്ധിച്ച് നഗര മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനമേളയും സംഘടിപ്പിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം ഒ. എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ആറ്റിങ്ങല്‍ നഗരസഭാങ്കണത്തില്‍ സംഘടിപ്പിച്ചത്.
ബയോഗ്യാസ് പ്ലാന്റ്, സ്മാര്‍ട്ട് ബയോ ബിന്നുകളുടെ പ്രദര്‍ശനം, ആര്‍ത്തവ കപ്പുകളുടെ ഉപയോഗം വ്യക്തമാക്കുന്ന സ്റ്റാള്‍, ഖര മാലിന്യ സംസ്‌ക്കരണ എക്‌സ്‌പോ, ഉറവിട മാലിന്യ സംസ്‌ക്കരണം എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനത്തെ പറ്റി മനസിലാക്കുന്നതോടൊപ്പം വിവിധ മാലിന്യ സംസ്‌ക്കരണ ഉത്പന്നങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാനും അവസരമൊരുക്കിയിരുന്നു.
ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ ജി. തുളസീധരന്‍ പിള്ള, വിവിധ ജനപ്രതിനിധികള്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫൈസി. എ, ഹരിതകര്‍മ സേന അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
കെ-ഫോണ്‍ ഉദ്ഘാടനം; തിരുവനന്തപുരം ജില്ലയില്‍ വിപുലമായ പരിപാടികള്‍
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി നാളെ ( ജൂണ്‍ അഞ്ച്) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിയസമസഭാ കോംപ്ലക്‌സിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്. ഇതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുക.
നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്ന് മണിക്ക്, പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്. എന്‍. വി.ജി.എച്ച്.എസ് എസ്സില്‍ വി.ശശി എം.എല്‍.എ., അരുവിക്കര ഗവ. എച്ച്.എസ്.എസ്സില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30ന്, വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വൈകീട്ട് നാലിന്, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം. എല്‍. എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ., കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും ഉദ്ഘാടനം നിര്‍വഹിക്കും.