Saturday, April 19, 2025
Home Blog Page 1145

ത്രില്ലടിപ്പിക്കാന്‍ രജിഷയും പ്രിയ വാര്യരും എത്തുന്നു

0

രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കൊള്ള. ബോബി സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ജൂണ്‍ 9 ന് ചിത്രം തിയേറ്ററുകളിലെത്തും.

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് കൊള്ള. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സണ്‍, പ്രേംപ്രകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബസിലെ നഗ്നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം

0

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയിൽ മോചിതനായി. എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

ജാമ്യത്തിലിറങ്ങിയ സവാദിനു ആലുവ സബ് ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി. സവാദ് പുറത്തിറങ്ങിയപ്പോൾ മാലയിട്ടാണ് സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു

0

ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ഡേവിഡ് മാല്‍പാസിന്റെ പിന്‍ഗാമിയായാണ് ബംഗ ലോകബാങ്കിന്റെ ചുമതലയേല്‍ക്കുന്നത്.

അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡന്‍ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവെച്ചു

0

സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15-നു ശേഷം മാത്രമേ സര്‍ക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും

ബസിലെ നഗ്നതാപ്രദർശനം: യുവതിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ഡി.ജി.പിക്ക് പരാതി

0

കെ.എസ്.ആർ.ടി.സി ബസിലെ നഗ്നതാപ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. ഓൾ കേരള മെൻസ് അസോസിയേഷൻ ആണ് യുവതിക്കെതിരെ പരാതി നൽകിയത്.

സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി ഉന്നയിച്ചത് എന്ന് മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാർ ആരോപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വേണ്ടിയാണ് യുവതി കള്ളപ്പരാതി കൊടുത്തതെന്നും അജിത്കുമാർ പറഞ്ഞു.

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

0

രാജ്യത്തെ നടുക്കി ഒഡീഷയിലെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈയിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി അദ്ദേഹം സ്ഥിതി​ഗതികൾ വിലയിരുത്തി. ട്രെയിൻ അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് മന്ത്രിമാർ ഒഡീഷയിലെ ബലസോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്

ഒഡീഷ ട്രെയിന്‍ അപകടം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

0

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ബാലസോറിലെത്തി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പമാണ് പ്രധാനമന്ത്രി എത്തിയത്. അപകടത്തിന് കാരണം സിഗ്നൽ നൽകിയതിലെ പിഴവെന്ന് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൂട്ടിയിടി; ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും കൊറമാണ്ഡല്‍ എക്‌സ്പ്രസും നല്ല വേഗതയില്‍

0

ഒഡീഷയില്‍ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇരുന്നൂറിലധികം പേര്‍ മരിച്ചു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം.

കാല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) പാളം തെറ്റിയ ട്രെയിനിലേക്കു ഇടിച്ചുകയറി.

സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ബെംഗളൂരു ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും കൊറമാണ്ഡല്‍ എക്‌സ്പ്രസും (12841) നല്ല വേഗതയിലാണ് പോയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. രാത്രി ഏഴുമണിയോടെയാണു അപകടമുണ്ടായത്.

അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു.


അതേസമയം, ട്രെയിനുകള്‍ തമ്മിലുണ്ടാകുന്ന കൂട്ടിയിടി ഒഴിവാക്കാന്‍ സ്ഥാപിക്കുന്ന ‘കവച്’ സംവിധാനം അപകടം നടന്ന റൂട്ടില്‍ ഇല്ലായിരുന്നെന്നും റെയില്‍വെ വ്യക്തമാക്കി.

ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ആട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും.

രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ റൂട്ടുകളില്‍ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികള്‍ തുടര്‍ന്നുവരികയാണ്.

കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും – മുഖ്യമന്ത്രി

0

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമായി ആറ്റിങ്ങല്‍ നഗരസഭ

0

ആറ്റിങ്ങല്‍ നഗരസഭ ഇനി മുതല്‍ സമ്പൂര്‍ണ്ണ വലിച്ചെറിയല്‍ മുക്ത നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമാകുന്ന നഗരസഭ ആറ്റിങ്ങലാണെന്ന് കളക്ടര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നഗരസഭയിലെ ഹരിത കര്‍മ സേന അംഗങ്ങളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. നഗരസഭ പരിധിയിലെ അതിദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള സൗജന്യ പഠനക്കിറ്റ് വിതരണവും കളക്ടര്‍ നിര്‍വഹിച്ചു.

പ്രഖ്യാപനത്തോടനുബന്ധിച്ച് നഗര മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനമേളയും സംഘടിപ്പിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം ഒ. എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ആറ്റിങ്ങല്‍ നഗരസഭാങ്കണത്തില്‍ സംഘടിപ്പിച്ചത്.

ബയോഗ്യാസ് പ്ലാന്റ്, സ്മാര്‍ട്ട് ബയോ ബിന്നുകളുടെ പ്രദര്‍ശനം, ആര്‍ത്തവ കപ്പുകളുടെ ഉപയോഗം വ്യക്തമാക്കുന്ന സ്റ്റാള്‍, ഖര മാലിന്യ സംസ്‌ക്കരണ എക്‌സ്‌പോ, ഉറവിട മാലിന്യ സംസ്‌ക്കരണം എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനത്തെ പറ്റി മനസിലാക്കുന്നതോടൊപ്പം വിവിധ മാലിന്യ സംസ്‌ക്കരണ ഉത്പന്നങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാനും അവസരമൊരുക്കിയിരുന്നു.

ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ ജി. തുളസീധരന്‍ പിള്ള, വിവിധ ജനപ്രതിനിധികള്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫൈസി. എ,  ഹരിതകര്‍മ സേന അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.