Saturday, April 19, 2025
Home Blog Page 1132

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സൗജന്യ അരി വേണ്ട പകരം ……

0

തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കാന്‍ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ എഫ്.സി.ഐ ഗോഡൗണുകള്‍ വഴിയെത്തുന്ന സൗജന്യ അരിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ അരിക്കുപകരം കേരളത്തിലെ ഒരു കിലോ അരിക്ക് കണക്കാക്കുന്ന വിപണിവിലയായ 28 രൂപ പ്രകാരം കേന്ദ്രം 184 കോടി രൂപ അനുവദിക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്ത് തന്നെ ഉച്ചഭക്ഷണത്തിനാവശ്യമായ അരി കൃഷി ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലില്‍ നിന്ന് മില്ലുകളിലൂടെ ഉല്പാദിപ്പിക്കുന്ന അരിയുടെ സ്റ്റോക്ക് ഒരു വര്‍ഷം കേരളത്തില്‍ നാലര ലക്ഷം ടണ്‍ വരും. ഇതില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് മൂന്നരലക്ഷം ടണ്ണാണ്. തുടര്‍ന്ന് മിച്ചം വരുന്ന അരി കെട്ടികിടന്ന് നശിച്ചുപോകാതിരിക്കാന്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഗുണകരമാകുമെന്നാണ് കേരളം ചൂണ്ടികാട്ടുന്നത്. കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാനസര്‍ക്കാര്‍ നിവേദനം നല്‍കിയിരുന്നു.

കേന്ദ്രം അനുവദിച്ചാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന സ്വന്തം അരി സംസ്ഥാനത്തിന് ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് കേന്ദ്ര അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഒരു വര്‍ഷം 66,000 ടണ്ണിലധികം അരി ഉച്ചഭക്ഷണ പദ്ധതിക്കായി വേണ്ടിവരുന്നുണ്ട് . ഇത് പൂര്‍ണ്ണമായും സൗജന്യമായാണ് കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍ ഇനി സൗജന്യ അരി വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .

0

സഹകരണ മേഖലയിൽ നിർമ്മിച്ച സംസ്ഥാനത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ലാഡർ ക്യാപിറ്റൽ ഹിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പൂർത്തിയായിരിക്കുന്നു. രണ്ടു ടവറുകളിലായി ആകെ 222 അപ്പാർട്മെന്റകളാണ് പൂർത്തിയായത്.
ഈ മാസം 15 നാണു ക്യാപിറ്റൽ ഹിൽ അപ്പാർട്മെന്റിന്റെയും, അപാർട്മെന്റ് ബുക്ക് ചെയ്തവർക്ക് താക്കോൽ കൈമാറുന്ന ചടങ്ങും നടക്കാൻ പോകുന്നത്. വൈകുന്നേരം 4 മണിക്ക് ശ്രീ കടകം പള്ളി സുരേന്ദ്രൻ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു.സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ നിർവഹിക്കും.
2012 ൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലാഡറിന്റെ 9 -മത്തെ പ്രൊജക്റ്റ് ആണ് ക്യാപിറ്റൽ ഹിൽ.

തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത.കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതോടെ തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തി വെച്ചു.
അതേസമയം, തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ജവാന് ശേഷം അറ്റ്‌ലിയുടെ പുതിയ ചിത്രം; ഷാരൂഖും വിജയും ഒന്നിക്കും??

0

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയും ഒരുമിക്കുന്നു. സംവിധായകന്‍ അറ്റ്‌ലിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുവര്‍ക്കും പറ്റിയ വിഷയം തിരയുന്നു. വൈകാതെ അത് സംഭവിക്കും. അറ്റ്‌ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരങ്ങള്‍ക്കും ഒരുമിച്ച് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറ്റ്‌ലി പറയുന്നു.
ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ജവാനില്‍ കാമിയോ റോളില്‍ വിജയ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അറ്റ്‌ലി തന്നെ രംഗത്തെത്തി. കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു.

ബോളിവുഡിന് ഊര്‍ജ്ജം നല്‍കിയ പത്താനു ശേഷം എത്തിയ ജവാനും വന്‍ വിജയമായി. ഷാരൂഖ് ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തിയത്. നേരത്തെ വിജയെ നായകനായി തെറി, മെര്‍സല്‍, ബിഗില്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ അറ്റ്‌ലി ഒരുക്കിയിട്ടുണ്ട്.

കരിക്കകം ക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു

0

കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു.ക്ഷേത്രത്തിൽ ദേവപ്രശ്നപ്രകാരമുള്ള പരിഹാരക്രിയകൾ, കാട്ടിലെ വീട് മൂലസ്ഥാനം, രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ്, ആയിരവല്ലി, നാഗരുകാവ്, മേലേവീട് അന്നപൂർണേശ്വരി എന്നീ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ജോലികളാണ് ആരംഭിച്ചത്.

രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ഉത്തരംവെപ്പ്‌ ചടങ്ങ് ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര സ്ഥപതി വ്യാഴപ്പറമ്പിൽ മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.ക്ഷേത്ര ട്രസ്റ്റ് മൂന്നുകോടി രൂപയോളം ചെലവിട്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കരിങ്കൽപ്പണികൾ ചെയ്യുന്ന തച്ചൻ സദാശിവൻ ആചാരി, മരപ്പണികൾ ചെയ്യുന്ന തച്ചൻ മോഹനൻ ആചാരി, ലോഹ പണികൾ ചെയ്യുന്ന തച്ചൻ അനന്തൻ ആചാരി, ചിത്രകാരൻ മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ചക്കുളത്തമ്മയ്ക്കു പൊങ്കാല 27ന്

0

ചക്കുളത്തുകാവ്: ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.27ന് നടക്കുന്ന പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ 19ന് നടക്കും.
27ന് പുലർച്ചെ 4ന് നിർമ്മാല്യ ദർശനവും അഷ്ട ദ്രവ്യ ഗണപതി ഹോമവും ഒൻപതിനു വിളിച്ചുചൊല്ലി പ്രാർത്ഥനയും നടക്കും. തുടർന്ന് മുഖ്യ കാര്യ ദർശിയും ട്രസ്റ്റ് പ്രസിഡന്റുമായ രാധാകൃഷ്ണൻ നമ്പൂതിരി ക്ഷേത്രം ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ദീപം തെളിയിച്ചു പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന്‌ പൊങ്കാലക്ക് തുടക്കം കുറിക്കും.

കാര്യ ദർശിയും ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പൊങ്കാലയുടെ ഉത്ഘാടനം നിർവഹിക്കും. മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ജിത്ത്. ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.11ന് 500ൽ അധികം വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ ദേവിയെ 51ജീവിതകളിലായി എഴുന്നെള്ളിച്ച് ഭക്തർ തയാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് 5ന് തോമസ്. കെ. തോമസ് എം. എൽ. എ യുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം. പി. മുഖ്യ അതിഥി ആയിരിക്കും. പശ്ചിമ ബംഗാൾ ഗാവർണർ ഡോ. സി. വി. ആനന്ദബോസ് കാർത്തിക സ്തംഭംത്തിൽ ദീപം പകരും.

ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.

0

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി.അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
മരിയാനെ ട്രംപ് ബാരിയെ അവർ താമസിച്ചിരുന്ന ഫിഫ്ത്ത് അവന്യൂ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്. 2019ൽ ഫെഡറൽ ജഡ്ജിയായി വിരമിച്ച മരിയാനെ, ട്രംപിന്റെ കടുത്ത വിമർശകയും കൂടിയാണ്.
1983-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി മരിയാനെ ട്രംപ് ബാരിയെ നിയമിച്ചു. പിന്നീട് ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായി,പിന്നീട് 2019-ൽ വിരമിച്ചു.

നേപ്പാളിലും ടിക് ടോക് നിരോധിച്ചു

0

കാഠ്മണ്ഡു (നേപ്പാള്‍): ഭാരതത്തിനും അഫ്ഗാനിസ്ഥാനും പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ച് നേപ്പാളും. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഇന്നലെ ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിൻ്റെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

സാമൂഹിക ഐക്യവും ഭദ്രതയും തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അതേസമയം നേപ്പാളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍. നേപ്പാളില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ടിക് ടോക്ക് സാമൂഹിക ഘടനയ്‌ക്ക് തന്നെ ഹാനികരമാവുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1,629 സൈബര്‍ ക്രൈം കേസുകളാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്, സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിരോധനം എപ്പോള്‍ മുതല്‍ നടപ്പാകുമെന്ന് വ്യക്തമല്ല.

നിലവില്‍ നേപ്പാളില്‍ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്കിലൂടെ ചൂതാട്ടവും വാതുവയ്പും പോലും നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അസഭ്യം വര്‍ധിക്കുന്നതിനാല്‍ നേപ്പാളിലെ പല മത സാംസ്‌കാരിക കേന്ദ്രങ്ങളും നേരത്തെതന്നെ ടിക് ടോക്ക് വീഡിയോ ചിത്രീകരണം നിരോധിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ ‘നോ ടിക് ടോക്ക്’ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2021ല്‍ ഭാരതവും 2022ല്‍ അഫ്ഗാനിസ്ഥാനും ടിക് ടോക്ക് നിരോധിച്ചിരുന്നു.

കാണിപ്പയ്യൂര്‍ മനയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ക്ക് പുനർജന്മമേകി.

0

കുന്നംകുളം: തച്ചു ശാസ്ത്രത്തിലും ജ്യോതിഷത്തിലും പ്രശസ്തമായ കാണിപ്പയ്യൂര്‍ മനയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്ന
പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. വേദം, വേദാന്തം, വ്യാകരണം, പുരാണം, ഇതിഹാസം, ജ്യോതിഷം, തച്ചുശാസ്ത്രം, വൈദ്യശാസ്ത്രം, ഉപനിഷത്ത് വിഭാഗങ്ങളിലായി 400 ഓളം
അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങള്‍ക്കാണ് ഡിജിറ്റല്‍ രൂപത്തില്‍ പുനര്‍ജനിയേകുന്നത്.
മനയില്‍ സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള ഏഴായിരത്തോളം ഗ്രന്ഥങ്ങളുണ്ടെന്ന് ഗ്രന്ഥാലയത്തിന്റെ ചുമതലയുള്ള കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.

തൊട്ടാല്‍ പൊടിഞ്ഞു പോകുന്ന സ്ഥിതിയിലുള്ള താളിയോല ഗ്രന്ഥങ്ങള്‍ പോലും കാണിപ്പയ്യൂര്‍ മനയുടെ ഗ്രന്ഥശാലയില്‍ ഉണ്ടെന്ന് നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റിന്റെ കീഴില്‍ താളിയോല സംരക്ഷണവും ഡിജിറ്റല്‍ വല്‍ക്കരണവും നിര്‍വഹിക്കുന്ന അമൃത വിശ്വവിദ്യാപീഠത്തിലെ ഡോക്ടര്‍ വി.പ്രശാന്ത് പറഞ്ഞു.
പൊടി നീക്കി പ്രകൃതിദത്ത പുല്‍ത്തൈലം ഉപയോഗിച്ച് തുടച്ചുവൃത്തിയാക്കുന്ന ആദ്യഘട്ട ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. എഴുത്തിനു തെളിച്ചം കുറവുള്ള ഓലകളില്‍ പുല്‍ത്തൈലത്തിനൊപ്പം ചിരട്ടക്കരികലര്‍ത്തി വായനയ്‌ക്ക് സാധിക്കുന്ന വിധം ചെയ്ത ശേഷമാണ് സംരക്ഷണപ്രക്രിയ പൂര്‍ത്തിയാക്കുന്നത്. ശേഷമാണ് ഓലകള്‍ സ്‌കാന്‍ ചെയ്യുക. സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും കൈമാറി കിട്ടിയതാണ് ഇപ്പോള്‍ ഗ്രന്ഥശാലയില്‍ ഉള്ളതെന്നും ഡിജിറ്റല്‍ രൂപത്തിലേക്ക് കൂടി ഇവ മാറുമ്പോള്‍ വരും തലമുറക്ക് മുതല്‍ക്കൂട്ടാവുമെന്നും പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം

0

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാവിഭാഗം കുത്തഴിഞ്ഞ നിലയില്‍. ഡ്യൂട്ടിക്കിടയില്‍ ഉറക്കം തുടങ്ങി ഫോട്ടോഷൂട്ടിന് വരെ സെക്യൂരിറ്റി ഓഫീസ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരുമില്ലാത്ത സ്ഥിതിവിശേഷമാണ് സുരക്ഷാവിഭാഗത്തിലുള്ളതെന്നാണ് ആക്ഷേപം.

ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ ജീവനക്കാരന്റെ ഉറക്കം ചര്‍ച്ചയാവുകയാണ്. താത്കാലിക ട്രാഫിക് വാര്‍ഡന്‍ തസ്തികയില്‍ നിയമിതനായ വ്യക്തിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ രണ്ട് കസേര എടുത്തിട്ട് സുഖമായി ഉറങ്ങുന്നതാണ് ചിത്രം. കഴിഞ്ഞ 3ന് രാത്രി 11.30 നാണ് ചിത്രം പകര്‍ത്തിയത്. ഈ ചിത്രം പുറത്ത് വന്നതോടെ സുരക്ഷാവിഭാഗത്തിന്റെ പ്രവര്‍ത്തനം ചോദ്യചിഹ്നമായിരിക്കുകയാണ്. ഇയാള്‍ ചിലപ്പോള്‍ ട്രാഫിക് വാര്‍ഡന്റെ വേഷത്തിലും മറ്റ് ചില സമയങ്ങളില്‍ സെക്യൂരിറ്റിയുടെ കാക്കി യൂണിഫോം ധരിച്ച് സെക്യൂരിറ്റി ഓഫീസ് ഡ്യൂട്ടി നോക്കുന്നതായും പറയുന്നു.

എങ്ങനെയാണ് ഒരു വ്യക്തി രണ്ട് യൂണിഫോം ധരിച്ച് രണ്ട് രീതിയില്‍ ഡ്യൂട്ടി നോക്കുന്നതെന്നത് ചോദ്യമുയരുകയാണ്. സെക്യൂരിറ്റി ഓഫീസറുടെ അറിവോടെയാണ് ഇത്തരം പ്രവൃത്തികളെന്നും പ്രചരിക്കുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ സെക്യൂരിറ്റി ഓഫീസിനുള്ളില്‍ കയറിയിരുന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും ആക്ഷേപത്തിന് വഴിയൊരുക്കി. മെഡിക്കല്‍ കോളജ് എംപ്ലോയ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗമാണ് ഇയാള്‍. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതുമായുള്ള സമരത്തിന് പിന്തുണ നല്‍കുന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.

രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സഹായിയായി മാറേണ്ടയിടമാണ് സെക്യൂരിറ്റി ഓഫീസ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ ആവശ്യത്തിനായി സെക്യൂരിറ്റി ഓഫീസിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ സെക്യൂരിറ്റി ജീവനക്കാരെ തെരഞ്ഞ് കണ്ടുപിടിക്കേണ്ട സ്ഥിതിവിശേഷമാണ്. താത്കാലിക സെക്യൂരിറ്റി ജീവനക്കാരാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. മുമ്പ് സാര്‍ജന്റുമാരാണ് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സെക്യൂരിറ്റി ഓഫീസറുടെ പരിഷ്‌കരണ നടപടിയില്‍ സാര്‍ജന്റുമാരെ പുറം ഡ്യൂട്ടിയിലേക്ക് മാറ്റി പകരം സിപിഎം പാര്‍ട്ടി സ്വാധീനത്തിലുള്ള താത്കാലിക ജീവനക്കാരെ ഓഫീസ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു. സാര്‍ജന്റുമാര്‍ പുറത്തായതോടെ ഡ്രൈവര്‍മാര്‍ വരെ സെക്യൂരിറ്റി ഓഫീസില്‍ കയറിയിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.